ശബരിമല: ശബരിമലയിൽ ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്‌ത്തില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എരുമേലിയിൽ ബസ് യാത്രയ്‌ക്കിടെ അച്ഛനെ കാണാതെ കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ ബോധപൂർവം ലോകമെങ്ങും പ്രചരിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലർ വിശ്വാസത്തിന്റെ പേരിൽ ആളുകളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വ്യാജവാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രചരിപ്പിക്കുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്താൻ സൈബർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവധി ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർദ്ധിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളാണ് 7, 8 തീയതികളിൽ ഉണ്ടായത്. പതിനെട്ടാംപടിക്ക് മുകളിലെ നിർമ്മാണം സംബന്ധിച്ച് ചില ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ കോടതിയുടെ അഭിപ്രായം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.