
ശബരിമല : നിലയ്ക്കലിൽ 500 വാഹനങ്ങൾക്ക് കൂടി അധികം പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ മന്ത്രി കെ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശബരിമലയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ശബരിമലയിലേക്കുള്ള റൂട്ടിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പിടിച്ചിടുകയുള്ളൂ. ഇതിനായി പാർക്കിംഗ്, ശൗചാലയം ഉൾപ്പെടെയുള്ള സുരക്ഷിത താവളങ്ങൾ സജ്ജമാക്കാൻ പൊലീസിനും വനംവകുപ്പിനും നിർദ്ദേശം നൽകി. പമ്പയിൽ സ്ത്രീകൾക്കായി 66 ടോയ്‌ലറ്റ് കോംപ്ലക്സ് കൂടി പുതിയതായി സജ്ജമാക്കി. കൂടുതൽ ബയോ ടോയ്‌ലറ്റ് സൗകര്യവും ഏർപ്പെടുത്തും. കോടതിയുടെ നിർദ്ദേശമനുസരിച്ച് രണ്ട് ആംബുലൻസ് വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ആരോഗ്യവകുപ്പിന്റെ പുതിയ ആംബുലൻസ് സൗകര്യവും മെഡിക്കൽ സുരക്ഷാസംവിധാനവും സജ്ജമാക്കും. ക്യൂ കോപ്ലക്സിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലായിടത്തും ദേവസ്വവും മറ്റ് വകുപ്പുകളും കൃത്യമായി അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കും. തിരക്ക് കൂടുന്നതിന് അനുസരിച്ച് ഭക്തരുടെ പ്രയാസങ്ങളൊക്ക പരിശോധിച്ച്, ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തീർത്ഥാടകരുടെ സൗകര്യ ക്രമീകരണങ്ങൾ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും സന്ദർശിച്ച് വിലയിരുത്തിയ മന്ത്രി, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി, ദേവസ്വം ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. കെ.യു.ജനിഷ് കുമാർ എം.എൽ.എ, ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, സ്പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്യം, ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.എൻ.രാമൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സൂരജ് ഷാജി, ഐ.ജി സ്പർജൻ കുമാർ, എ.എസ്.പി തപോഷ് ബസുമതരി, എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, പബ്ലിക് റിലേഷൻസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്യാമപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.