sabarimala

പത്തനംതിട്ട:ശബരിമലയിൽ പ്രതിദിനം ദർശനം നടത്തുന്ന തീർത്ഥാടകരുടെ എണ്ണം 90,000 ആയി പരിമിതപ്പെടുത്തിയത് വരുമാനത്തെ ബാധിച്ചേക്കും.

തീർത്ഥാടനം 28 ദിവസം പിന്നിട്ടപ്പോൾ 17.52 ലക്ഷം ഭക്തർ ദർശനം നടത്തിയതായാണ് കണക്കാക്കുന്നത്. ഇനി 33 ദിവസം കഴിയുമ്പോൾ മണ്ഡല, മകര വിളക്ക് തീർത്ഥാടനം പൂർത്തിയാകും. പ്രതിദിനം 90,000 എന്ന കണക്കിൽ (വെർച്വൽ ക്യൂ 80,000, സ്പോട്ട് ബുക്കിംഗ് 10,000) 29.70 ലക്ഷം ഭക്തർക്ക് കൂടി ദർശനം നടത്താം. തീർത്ഥാടന കാലത്ത് ആകെ 47.22 ലക്ഷം ആളുകളാകും ബുക്കിംഗിലൂടെ ദർശനം നേടുന്നത്.

പുല്ലുമേട് വഴി കാനന പാതകൾ താണ്ടി, പമ്പയിലെത്താതെ നേരെ സന്നിധാനത്തേക്ക് വരുന്നവർ ഒരു തീർത്ഥാടന കാലത്ത് ഒന്നേകാൽ ലക്ഷത്തോളം വരുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. അതും കൂടി കണക്കിലെടുത്താൽ ഈ തീർഥാടന കാലത്ത് 49 ലക്ഷത്തോളം ഭക്തർ എത്താം.

കഴിഞ്ഞ തീർത്ഥാടന കാലത്ത് 65 ലക്ഷം ഭക്തരാണ് എത്തിയത്. വരുമാനം 351 കോടി ആയിരുന്നു. ഇത്തവണ 16 ലക്ഷം ഭക്തർ കുറഞ്ഞാൽ വരുമാനം വൻതോതിൽ ഇടിയും. തീർത്ഥാടനം 28 ദിവസം പിന്നിട്ടിട്ടും ലഭിച്ച വരുമാനത്തിന്റെ കണക്ക് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയിട്ടില്ല.

നിയന്ത്രണം പാളിയത് തീർത്ഥാടകർ കൂടിയതു കൊണ്ടല്ല

ശബരിമലയിൽ ഇത്തവണ നിയന്ത്രണം പാളിയത് തീർത്ഥാടകരുടെ എണ്ണം കൂടിയതു കൊണ്ടാണെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വാദം കണക്കുകളുമായി പൊരുത്തപ്പെടുന്നില്ല. നിയന്ത്രണം പാളി തീർത്ഥാടകർ ഏറ്റവുമധികം ദുരിതമനുഭവിച്ച ഇക്കഴിഞ്ഞ ഒൻപതിന് 90,822 ഭക്തർ ദർശനം നടത്തിയെന്നാണ് ദേവസ്വം അധികൃതരുടെ കണക്ക്. കഴിഞ്ഞ വർഷം ഇതേ ദിവസം ഒന്നേകാൽ ലക്ഷം പേർ ദർശനം നടത്തി. ഇക്കഴിഞ്ഞ 11ന് 82,000ത്തോളം ഭക്തർ എത്തിയെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ ദിവസം 90,000ത്തിലധികം ഭക്തരെത്തി.

നിയന്ത്രണത്തിന് പരിചയ സമ്പന്നരായ പൊലീസ് ഓഫീസർമാർ പതിനെട്ടാം പടിയിൽ ഇല്ലാതിരുന്നതും ഭക്ഷണവും വെള്ളവും ഇല്ലാത്ത

വനപാതയിൽ വാഹനങ്ങൾ തടഞ്ഞിട്ടതും ദുരിതം വിതച്ചുവെന്നാണ് ആക്ഷേപം. നിലയ്‌ക്കലിൽ പാർക്കിംഗ് ക്രമീകരണത്തിലും പിഴവ് പറ്റി.