
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ 16, 17,വാർഡിലെ പ്രധാന റോഡായ കാർത്തിക റോഡ് കാട് മൂടിയും ടാർ ഇളകി കുണ്ടും കുഴിയുമായി. ഇതുവഴിയുള്ള കാൽനട യാത്രപോലും ദുരിതത്തിലാണ്. ഗവ.ഐ.ടി.ഐ, ഗവ.വനിതാ ഐ.ടി.ഐ, നിർമ്മാണത്തിലിരിക്കുന്ന സാംസ്‌കാരിക സമുച്ചയം എന്നിവയുടെ സമീപത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. ഐ.ടി.ഐ വളപ്പിലെ മരങ്ങളുടെ കൊമ്പുകളും കാടും വളർന്ന് നിൽക്കുന്നതും റോഡിന് ഇരുവശത്തും കാടുമൂടി നിൽക്കുന്നതും പകൽ സമയങ്ങളിലെ യാത്രക്കാരെ പേടിപ്പെടുത്തുന്നതാണ്. മെറ്റിലിളകി കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. എം.സി റോഡിലെ ഹാച്ചറി ജംഗ്ഷനെയും, ഐ.ടി.ഐ കിടങ്ങന്നൂർ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. റോഡിലെയും സമീപത്തെയും കാട് വെട്ടിത്തെളിച്ചും റോഡ് ടാർ ചെയ്തും ഉടൻ സഞ്ചരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.