navakerala-

റാന്നി : കേരള മന്ത്രിസഭയെ വരവേൽക്കുവാൻ റാന്നി ഒരുങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 ന് റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് നവകേരള സദസ് നടക്കുക. അമ്പതിനായിരത്തിലധികം ആളുകൾ പരുപാടിയിൽ പങ്കെടുക്കും. റാന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് എത്താൻ 100 കണക്കിന് ബസുകളും മറ്റ് ചെറുവാഹനങ്ങളും തയ്യാറായി കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുവാൻ 20 കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. അംഗ പരിമിതർക്കായി പ്രത്യേക കൗണ്ടറും സജ്ജമാണ്. ഞായറാഴ്ച പകൽ 11 മുതൽ കൗണ്ടറുകൾ പ്രവർത്തിക്കും. ഉച്ചയ്ക്ക് ഒന്നര മുതൽ വേദിയിൽ കലാപരിപാടികൾ ആരംഭിക്കും. രണ്ടരയ്ക്ക് ശേഷം മന്ത്രിമാർ എത്തുകയും പൊതുയോഗം ആരംഭിക്കുകയും ചെയ്യും. കൃത്യം മൂന്നിന് മുഖ്യമന്ത്രി എത്തും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, രക്ഷാധികാരി രാജു എബ്രഹാം, കൺവീനർ റാന്നി തഹസീൽദാർ അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി എന്നിവർ പങ്കെടുത്തു.

പാർക്കിംഗ് ക്രമീകരണം

വലിയ പാലം കടന്നുവരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയശേഷം ബ്ലോക്ക് പടിക്ക്
ശേഷമുള്ള പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയുടെ ഇടത് ഭാഗത്തും വൈക്കം പെട്രോൾ പമ്പ് മുതൽ മന്ദിരം പടി വരെയുള്ള പാതയുടെ വശങ്ങളിലും പാർക്ക് ചെയ്യണം. മറുഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ സമ്മേളനം നടക്കുന്ന ഭാഗത്ത് ആളെ ഇറക്കിയ ശേഷം ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്, സെന്റ് മേരീസ് സ്കൂൾ മൈതാനം, എസ്.സി സ്കൂളിന്റെ മൈതാനങ്ങൾ, അങ്ങാടി സഹകരണ ബാങ്ക് പരിസരം, പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്താങ്കര മുതൽ മന്ദമരുതി വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.