
പത്തനംതിട്ട: തിരക്കു നിയന്ത്രണത്തിലെ പിഴവും മഴകാരണം മണ്ഡലകാല തുടക്കത്തിൽ തീർത്ഥാടകർ കുറഞ്ഞതും ശബരിമല വരുമാനത്തെ സാരമായി ബാധിച്ചു. തീർത്ഥാടനം 28 ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 20 കോടിയുടെ ഇടിവ്.
ഒന്നര ലക്ഷത്തോളം തീർത്ഥാടകരുടെ കുറവാണുണ്ടായത്. ഇത് നടവരവ്, അപ്പം, അരവണ വിൽപ്പനയെ ബാധിച്ചു. ഇതുവരെ ആകെ വരുമാനം 134. 44 കോടിയാണ്. കഴിഞ്ഞ വർഷമിത് 154.77കോടിയായിരുന്നു.
ചെന്നൈയിലെ വെള്ളപ്പൊക്കമാണ് ആദ്യ ദിവസങ്ങളിൽ ഭക്തർ കുറയാൻ കാരണമായി ദേവസ്വം ബോർഡ് പറയുന്നത്. ഇത് ന്യായീകരണമില്ലാത്തതാണ്. തമിഴ്നാടിന്റെ അങ്ങേയറ്റത്തെ ചെന്നൈയിൽ നിന്നു മാത്രമല്ല അയ്യപ്പൻമാരെത്തുന്നത്. കർണാടക, തെലങ്കാന, ആന്ധ്ര തീർത്ഥാടകരെ ചെന്നൈ വെള്ളപ്പൊക്കം ബാധിക്കുകയുമില്ല.
കഴിഞ്ഞയാഴ്ച തിരക്കു നിയന്ത്രണം പാളി തീർത്ഥാടകർ വലഞ്ഞതാണ് തുടർ ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറച്ചത്. പതിനെട്ടാംപടി ചവിട്ടാനാവാതെ ഒത്തിരിപ്പേർ പന്തളത്ത് നെയ്യഭിഷേകം നടത്തി മനംനൊന്ത് മടങ്ങി. ഇതോടെ ഹൈക്കോടതി ഇടപെട്ട് ദിവസം 90,000 ഭക്തരിൽ കൂടരുതെന്നും ഉത്തരവിട്ടു.
കഴിഞ്ഞ മൂന്ന് ദിവസമായി ദർശനത്തിന് എത്തുന്നവരിൽ കൂടുതലും മലയാളികളാണ്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേരളത്തിന് കത്തയച്ചിട്ടുണ്ട്.
തിരിച്ചടിച്ചത്
1. പരിചയസമ്പന്നരായ പൊലീസിനെ പതിനെട്ടാം പടിയിൽ നിയമിക്കാത്തത് ഭക്തരെ കടത്തിവിടുന്നതിനെ ബാധിച്ചു
2. ദർശനം കിട്ടാൻ 18 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വന്നു. കുട്ടികളും സ്ത്രികളും തളർന്ന് വീണു
3. ഭക്ഷണവും വെള്ളവും കിട്ടാത്ത വനപാതയിൽ വാഹങ്ങൾ മണിക്കൂറുകൾ തടഞ്ഞിട്ടു
4. നിലയ്ക്കലിൽ പാർക്കിംഗ് ക്രമീകരണം പാളി. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുൾപ്പെടെ കുരുങ്ങി
ബുക്കിംഗ് ഉയർത്താൻ
കോടതിൽ പോകും
മണ്ഡലകാലം പകുതി പിന്നിടുമ്പോഴേക്കും സാധാരണ വൻതിരക്കാവും. ഇത്തവണ പക്ഷേ, വെർച്വൽ ക്യൂ ബുക്കിംഗ് എൺപതിനായിരമായും സ്പോട്ട് ബുക്കിംഗ് പതിനായിരമായും ക്രമപ്പെടുത്തിയത് തുടർന്നും വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് ദേവസ്വം ബോർഡിന് ആശങ്കയുണ്ട്. തിരക്കു നിയന്ത്രണത്തിന് പരിചയ സമ്പന്നരായ പൊലീസുകാരെ നിയമിച്ചതോടെ നാലു ദിവസമായി സുഗമ ദർശനം സാദ്ധ്യമാവുന്നുണ്ട്. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം മിനിട്ടിൽ 75ആയി ഉയർന്നു. നേരത്തെ 60ൽ താഴെയായിരുന്നു. മികച്ച സൗകര്യം ഒരുക്കിയ ശേഷം ബുക്കിംഗ് പരിധി ഉയർത്താൻ ബോർഡ് ഹൈക്കോടതിയെ സമീപിച്ചേക്കും. കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷം പേർ പരാതിയില്ലാതെ സന്നിധാനത്തെത്തിയ ദിവസങ്ങളുണ്ട്.
തീർത്ഥാടകരുടെ എണ്ണം
ഈ വർഷം 28 ദിവസം: 17, 56, 730
കഴിഞ്ഞ വർഷം: 19, 09,241
വരുമാനം 28 ദിവസം
(ബ്രാക്കറ്റിൽ കഴിഞ്ഞ വർഷം)
അപ്പം : 8,99,05,545 (9,43,54,875)
അരവണ: 61,91,32,020 (73,75,46,670)
കാണിക്ക : 41,80,66,720 (46,45,85,520)
അക്കോമഡേഷൻ (ഓൺലൈൻ ) 34,16,425 (33,92,050)
വഴിപാട് (ഓൺലൈൻ) 71,46,565 (1,14,36,17)
അന്നദാന സംഭാവന 1,14,45,455, (1,20,71,97)
ആകെ വരവ് 134,44,90,495 (154,77,97,005)
കഴിഞ്ഞ വർഷം ആകെ ഭക്തർ
65 ലക്ഷം
വരുമാനം
351 കോടി
കൊവിഡിന് ശേഷം ദർശനത്തിനെത്തിയ അയ്യപ്പന്മാർ മുൻ വർഷങ്ങളിൽ സൂക്ഷിച്ചുവച്ച കാണിക്കപ്പണം സമർപ്പിച്ചതാണ് കഴിഞ്ഞവർഷം വരുമാനം കൂട്ടിയത്
പി.എസ്. പ്രശാന്ത്
ദേവസ്വം ബോർഡ് പ്രസിഡന്റ്