
ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ചെങ്ങന്നൂർ മണ്ഡല നവകേരള സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 20 പരാതി കൗണ്ടറുകളാണ് സദസിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കായി എട്ട് പ്രത്യേക കൗണ്ടറുകളും വയോജനങ്ങൾക്കും ഭിന്നശേഷികാർക്കുമായി രണ്ടുവീതം കൗണ്ടറുകളും ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം. നാലു ജീവനക്കാർ വീതം കൗണ്ടറുകളിൽ ഉണ്ടാകും. പൊതുജനങ്ങൾക്ക് ലഘുഭക്ഷണവും കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രചരണാർത്ഥം ഓരോ പഞ്ചായത്തിലും കൂട്ടയോട്ടം, തിരുവാതിര, ഫ്‌ളാഷ് മോബ്, സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള വ്യത്യസ്തങ്ങളായ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി 300 ഹരിതകർമ സേന പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. ആംബുലൻസ് സേവനം ഉൾപ്പെടെ വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ടീം പ്രവർത്തിക്കും. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് മറ്റു സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ 500 പേരടങ്ങുന്ന വോളന്റിയർമാർ പ്രവർത്തിക്കും.