vedi

തിരുവല്ല : മുഖ്യമന്ത്രിയും എല്ലാമന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ തിരുവല്ല ഒരുങ്ങി. കാൽലക്ഷം പേർ പങ്കെടുക്കുന്ന സദസ് ചരിത്ര സംഭവമാക്കാനുള്ള എല്ലാഒരുക്കങ്ങളും പൂർത്തിയായി. എസ്.സി.എസ് സ്കൂൾ ഗ്രൗണ്ടിൽ കൂറ്റൻ പന്തലിന്റെയും വേദിയുടെയും നിർമ്മാണം പൂർത്തീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സദസിന്റെ പ്രവർത്തനങ്ങൾ തുടങ്ങും. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ വേദിയുടെ ഇടതുഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടുകൗണ്ടറുകൾ വീതം സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയാണ്. ബാക്കി 14 കൗണ്ടറുകളിൽ ജനറൽ വിഭാഗത്തിനും നിവേദനങ്ങൾ നൽകാം. 2.30ന് നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. 3ന് കലാപരിപാടികൾ ആരംഭിക്കും. 5 ന് മന്ത്രിസഭാംഗങ്ങൾ എത്തി സദസ് ആരംഭിക്കും. 6 ന് മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും വേദിയിലെത്തി ജനങ്ങളോട് സംവദിക്കും. ജില്ലാകളക്ടർ പി.ഷിബു, മാത്യു ടി.തോമസ് എം.എൽ.എ, സബ് കളക്ടടർ സഫ്ന നസറുദീൻ എന്നിവരുടെ നേതൃത്വത്തിൽ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.

ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം
നവകേരള സദസിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കുശേഷം ഗതാഗത ക്രമീകരണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും പൊലീസ് ഏർപ്പെടുത്തിയതായി ഡിവൈ.എസ്.പി എസ് അഷാദ് അറിയിച്ചു. കുറ്റൂർ പഞ്ചായത്ത്, തിരുവല്ല സൗത്ത് മേഖലയിലെ വാഹനങ്ങൾ എസ്.സി.എസ് ജംഗ്‌ഷനിൽ ആളെ ഇറക്കി പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി ബൈപാസിലൂടെ തിരുമൂലപുരം സെന്റ് തോമസ്, എസ്എൻ.വി സ്‌കൂൾ, ബാലികാമഠം സ്കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. പരുമല, നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലെ വാഹനങ്ങൾ മാവേലിക്കര റോഡിൽ കുരിശുകവലയ്ക്ക് സമീപം ആളെ ഇറക്കി എം.ജി.എം സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കവിയൂർ, മഞ്ഞാടി, കറ്റോട് ഭാഗങ്ങളിലെ വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ ആളെ ഇറക്കി മുൻസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഇടിഞ്ഞില്ലം, പെരിങ്ങര, കുറ്റപ്പുഴ, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഭാഗങ്ങളിലെ വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ആളിറങ്ങി എം.സി റോഡിന്റെ ഇടതുവശം രാമഞ്ചിറ മുതൽ മുത്തൂർ വരെ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ ആളുകളെ ഇറക്കി മാർത്തോമാ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

ടൗണിൽ പ്രവേശിക്കാതെ പോകണം
ദൂരെ സ്ഥലങ്ങളിലേക്ക് കടന്നുപോകുന്ന വാഹനങ്ങൾ ടൗണിലേക്ക് കടക്കാതെ മറ്റു റോഡുകളിലൂടെ വഴിതിരിഞ്ഞ് പോകണം. എടത്വ, മാവേലിക്കര ഭാഗത്തുനിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാവുംഭാഗത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം. എടത്വ, മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവർ ഇടിഞ്ഞില്ലത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാവുംഭാഗത്തെത്തി പോകണം. പത്തനംതിട്ട, കോഴഞ്ചേരി ഭാഗത്തുനിന്നും ചങ്ങനാശേരി, കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മറയ്ക്കച്ചിറയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കിഴക്കൻമുത്തൂർ - മുത്തൂർ റോഡിലൂടെ പോകണം.