patha
പുല്ലുമേട് പാതയിലൂടെ വരുന്ന ശബരിമല തീർത്ഥാടകർ

ശബരിമല: തീർത്ഥാടകരുടെ തിരക്കും നിയന്ത്രണങ്ങളും പമ്പ - സന്നിധാനം പാതയിൽ വർദ്ധിച്ചതോടെ കാര്യമായ നിയന്ത്രണങ്ങളില്ലാതെ സന്നിധാനത്തേക്ക് എത്തിച്ചേരാവുന്ന പുല്ലുമേട് പാതയിലൂടെ തിരക്ക് വർദ്ധിച്ചു. ഒരാഴ്ചയായി പുല്ലുമേട് താണ്ടി സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഇരട്ടിയിൽ അധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുല്ലുമേട് പാത വഴി അയ്യായിരത്തോളം തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്. വ്യാഴാഴ്ച 2,220 തീർത്ഥാടകരും ഇന്നലെ 1,544 പേരും പുല്ലുമേട് വഴിയെത്തി. സന്നിധാനത്ത് ഏറെ ഭക്തജനത്തിലേക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്ന 7മുതൽ 11 വരെ പമ്പയിൽ എത്തിയ തീർത്ഥാടകർ പോലും തിരികെ വണ്ടിപ്പെരിയാറിൽ എത്തി പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയിരുന്നു. സത്രക്കടവിൽ നിന്ന് യാത്ര ആരംഭിച്ചാൽ വിശ്രമത്തിന് ഒഴികെ എങ്ങും തന്നെ തങ്ങേണ്ട സ്ഥിതിയില്ല. വനപാതയിൽ ആകമാനം വനംവകുപ്പിന്റെ ശക്തമായ നിരീക്ഷണവും ഉണ്ട്. പുല്ലുമേട് പാത വഴി സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്കായി വലിയ നടപ്പന്തലിന്റെ വലതുഭാഗത്ത് കൂടി താഴെ തിരുമുറ്റം കടന്ന് പതിനെട്ടാം പടി ചവിട്ടി ദർശനം പൂർത്തിയാക്കുന്നതിന് ദേവസ്വം ബോർഡും പൊലീസും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ പുല്ലുമേട് കാനനപാത,​ തീർത്ഥാടകരുടെ ഇഷ്ടപാതയായി മാറിക്കഴിഞ്ഞു. സത്രം മുതൽ സന്നിധാനം വരെ 11 കിലോമീറ്റർ ദൂരത്തിൽ സിംഹഭാഗവും ഇറക്കമാണ്. തിരികെപ്പോകാനും കാനന പാതയെ ആശ്രയിക്കുന്നവരുണ്ട്. എന്നാൽ പമ്പ മുതൽ സന്നിധാനം വരെ അഞ്ച് കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ പകുതിയിലേറെയും കയറ്റമാണ്.