പത്തനംതിട്ട : നവകേരളസദസ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലെത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് 200 പ്രമുഖർക്ക് ക്ഷണം ലഭിച്ചു. നാളെ രാവിലെ 9ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തിലാണ് കൂടിക്കാഴ്ച. ആദ്യത്തെ അഞ്ച് മിനിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. പിന്നീട് പത്തുപേർക്ക് നിശ്ചിത സമയത്തിൽ സംസാരിക്കാം. അവസാന 15 മിനിട്ടിൽ മുഖ്യമന്ത്രി സംസാരിക്കും. ഒാരോ മന്ത്രിമാരുമായി അതത് മേഖലകളിലെ പ്രമുഖർ ആശയ വിനിമയം നടത്തും. തുടർന്ന് 10.30ന് മാദ്ധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി സംസാരിക്കും. 11മണിക്ക് ജില്ലാ സ്റ്റേഡിയത്തിൽ ആറൻമുള മണ്ഡലത്തിന്റെ ബഹുജന സദസിൽ മുഖ്യമന്ത്രിയെത്തും. ഇതിന് മുന്നോടിയായി കലാപരിപാടികൾ അരങ്ങേറും. രാവിലെ എട്ട് മുതൽ പരാതി സ്വീകരിക്കുന്നതിന് 20 കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങും. പത്തരയ്ക്ക് ശേഷം വേദിയിൽ രണ്ട് മന്ത്രിമാർ സംസാരിക്കും. സമ്മേളനം നടക്കുന്ന പ്രധാന പന്തലിന് സമീപത്തായാണ് കൗണ്ടറുകൾ. അവസാന പരാതിയും സ്വീകരിച്ച ശേഷമേ കൗണ്ടറുകൾ അടയ്ക്കുകയുള്ളൂ. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് പരാതികൾ സ്വകരിച്ചു തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരനും ജില്ലാകളക്ടർ എ. ഷിബുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്തനംതിട്ടയിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സദസ് അവസാനിക്കും. തുടർന്ന് നവകേരള ബസ് റാന്നിയിലേക്ക് പുറപ്പെടും.
17ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് റാന്നി മാർ ഇവാനിയോസ് സ്കൂൾ ഗ്രൗണ്ടിൽ നവകേരള സദസ് നടക്കും. വൈകിട്ട് 4.30ന് കോന്നി മണ്ഡലത്തിലെ സദസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടക്കും. വൈകിട്ട് ആറിന് അടൂർ വൈദ്യൻസ് ഗ്രൗണ്ടിലാണ് നവകേരള സദസ്. തുടർന്ന് രാത്രിയിൽ കൊട്ടാരക്കരയിലേക്ക് പോകും.