
പത്തനംതിട്ട: നവകേരള സദസിന്റെ പ്രചാരണാർത്ഥം പത്തനംതിട്ട നഗരത്തിൽ ആറന്മുള മണ്ഡലതല വിളംബര ജാഥ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ എ.ഷിബു, നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. റാന്നി റോളർ സ്‌കേറ്റർ ക്ലബ്ബിലെ കുട്ടി സ്‌കേറ്റർമാരും ചെണ്ടമേളക്കാരും അകമ്പടി നയിച്ച ജാഥയ്ക്കു കഥകളി വേഷക്കാർ പകിട്ടേകി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ആരംഭിച്ച് അബാൻ ജംഗ്ഷനിൽ സമാപിച്ച ജാഥയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ജാഥയ്ക്കു മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ടു വീലർ റാലിയും 'സ്ത്രീപക്ഷ നവകേരളം' എന്ന വിഷയത്തിൽ കോന്നി എൻ.എസ്.എസ് കോളജിലെ എം.എസ്.ഡബ്‌ള്യു വിദ്യാർത്ഥികളുടെ തീം ഷോയും അരങ്ങേറി. ഘോഷയാത്രയിൽ എ.ഡി.എം ബി.രാധാകൃഷ്ണൻ, മുൻ എം.എൽ.എ കെ.സി രാജഗോപാലൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.അനിൽകുമാർ, ഡെപ്യൂട്ടി കളക്ടർമാരായ ജേക്കബ് ടി ജോർജ്, ബി.ജ്യോതി, ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബൈജു ടി.പോൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.