പത്തനംതിട്ട: വനമേഖലയിൽതാമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള വനംവകുപ്പിന്റെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതി അട്ടിമറിക്കുന്നതായി പരാതി. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് , അപ്പൂപ്പൻതോട്, നീരമാക്കുളം, നെല്ലിക്കപ്പാറ, കാട്ടാത്തി, വയക്കര പ്രേദശങ്ങളിൽ താമസിക്കുന്ന 185 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. വനാതിർത്തിയിൽ താമസിക്കുന്നവർ, വന്യജീവികളുടെ ശല്യത്താൽ ദുരിതം അനുഭവിക്കുന്നവർ എന്നിവർ തങ്ങളുടെ പട്ടയഭൂമി വനംവകുപ്പിന് കൈമാറി ഭൂമിക്ക്‌ വില നൽകുന്നതാണ് പദ്ധതി. വനത്തിനുള്ളിൽ സ്വകാര്യവാസമേഖലകളിൽ കഴിയുന്ന കുടുംബങ്ങളെ ഭൂമിയിൽനിന്ന്‌ ഒഴിയാൻ വനം വകുപ്പ്ന ഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കും.

ഈ സ്ഥലങ്ങളിൽനിന്നും ഒഴിഞ്ഞ് മറ്റ് അനുയോജ്യമായ സ്ഥലങ്ങൾകണ്ടെത്തി മാറി താമസിക്കാൻകഴിയും. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നൽകുന്നതിനു പുറമേ കുടുംബത്തിലെ പ്രായപൂർത്തിയായ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വേറെയും നൽകും. രണ്ട് ഹെക്ടറിനു മുകളിൽ ഭൂമിയുണ്ടെങ്കിൽ അധികമുള്ള ഓരോ ഹെക്ടറിനെയും ഓരോ പാർപ്പിട യൂണിറ്റായി കണക്കാക്കി 15 ലക്ഷം വീതം അധികം നൽകും . ഭൂമി മാത്രമേയുള്ളൂവെങ്കിൽ 15 ലക്ഷം മാത്രം നൽകും. പദ്ധതി സംബന്ധിച്ച ഉത്തരവ് വന്നത് 2019 നവംബർ 14 നാണ്.

താമസിച്ചുകൊണ്ടിരിക്കുന്ന പട്ടയഭൂമി വനം വകുപ്പ് ഏറ്റെടുത്തശേഷം ആദ്യ ഗഡു അനുവദിക്കും. താമസിച്ചുകൊണ്ടിരിക്കുന്ന വീട് പൊളിക്കുന്ന സമയത്ത് ബാക്കി തുകയും നൽകും. ഒരാൾക്ക് പരമാവധി 45 ലക്ഷത്തോളം രൂപയാണ് ലഭിക്കുക. 2019 ൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് കൊക്കാത്തോട് നിവാസികൾ. 77 എണ്ണത്തിന്റെ പരിശോധനകൾ നടന്നു. വന്യജീവി ശല്യം കാരണം ഈ പ്രദേശങ്ങളിൽ ക്യഷി ചെയ്യുവാനോ താമസിക്കുവാനോ കഴിയാത്ത സാഹചര്യമായതിനാലാണ് പദ്ധതിയിൽ അപേക്ഷ നൽകിയതെന്ന് പ്രദേശവാസികളായ കെ. ഡി.ജോർജ്കുട്ടി , ഷൈലജ സുരേഷ്,സുരേഷ് കുമാർ, ഓമനക്കുട്ടൻ നായർ, സാവിത്രി ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.