പത്തനംതിട്ട : മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും സ്വീകരിക്കാനായി ജില്ലാ ആസ്ഥാനത്തെ പ്രധാന വേദിയിലേക്കുള്ള പാതയോരങ്ങളിൽ മുത്തുക്കുടകൾ നിരന്നു. പോസ്റ്ററുകൾ പതിക്കാൻ നെയ്ത തെങ്ങോലയാണ് ഉപയോഗിച്ചിരിക്കുന്നത്. കൊടിതോരണങ്ങളാൽ നഗരംഅലംങ്കൃതമായി. രാത്രിയിൽ എൽ.ഇ.ഡി. ലൈറ്റുകൾ നിറച്ച്ജില്ലാസ്റ്റേഡിയവും സമീപ പ്രദേശങ്ങളും വർണാഭമായി. ഇന്ന് രാവിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11ന് ജില്ലാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും വേദികൾ തയാറായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസിന്റെ സേനയെ വിന്യസിക്കും. പഴുതടച്ച ക്രമീകരണങ്ങളാണ് ജില്ലയിലെ പൊലീസ് സംഘം ഒരുക്കുന്നത്. വേദിക്ക് അഭിമുഖമായി നിവേദനം സ്വീകരിക്കുന്നതിന് 20 ലേറെ കൗണ്ടറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കൗണ്ടറുകൾ സദസ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രവർത്തനം ആരംഭിക്കും. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, പൊതുവായവ എന്നിങ്ങനെ വെവേറെ കൗണ്ടറുകൾ ഉണ്ടാകും. ടോയ്‌ലറ്റുകൾ, കുടിവെള്ളം തുടങ്ങിയവ എല്ലാ വേദികളിലും ഉറപ്പുവരുത്തും. വേദിക്ക് അരികിലായി അടിയന്തരസാഹചര്യത്തിൽ പ്രവർത്തിക്കാൻ മെഡിക്കൽ ടീമിനേയും വിന്യസിക്കും. സദസ് അവസാനിച്ചാലുടൻ തന്നെ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വേദികൾ വൃത്തിയാക്കാനും നിർദ്ദേശമുണ്ട്.