പത്തനംതിട്ട : നഗരസൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഭരണ സമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം. തിരുവല്ല കുമ്പഴ റോഡിൽ പത്തനംതിട്ട ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജംഗ്ഷൻ വരെയും നഗരസഭ ഓഫീസിനു മുൻവശത്തുമാണ് പൂച്ചെടികൾ സ്ഥാപിച്ചിട്ടുള്ളത്. ചെടികളുടെ പരിചരണവും സുരക്ഷയും നഗരത്തിലെ വ്യാപാരികളെയും ഓട്ടോറിക്ഷ തൊഴിലാളികളെയും വഴിയോരക്കച്ചവടക്കാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ചുട്ടിപ്പാറ സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജശ്രീ, വോളന്റിയർ സെക്രെട്ടറിമാരായ അക്ഷയ് അനിൽ, ആസിഫ് സലീം, നേഹ കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് കൈവരികൾ പെയിന്റ് ചെയ്തത്. യോഗത്തിൽ നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, എൻ.എസ്.എസ് വോളന്റിയർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.