പത്തനംതിട്ട: നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നു. ആനപ്പാറ ചുട്ടിപ്പാറ, വലഞ്ചുഴി, കണ്ണങ്കര ഭാഗങ്ങളിലാണ് രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് സന്ദർശനം നടത്തി ശുചീകരണവും, ബോധവത്ക്കരണവും, പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ആനപ്പാറ, കണ്ണംങ്കര ഭാഗങ്ങളിൽ രോഗം കണ്ടെത്തിയവരിൽ അന്യ സംസ്ഥാന തൊഴിലാളികളും ഏറെയാണ്. ഈ ഭാഗങ്ങളിൽ ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. ഇതേ ഭാഗങ്ങളിലെ പാടശേഖരങ്ങളിലും, വെള്ളക്കെട്ടുകളിലും മാലിന്യം വളരെ കൂടുതലാണെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പലരും മാലിന്യങ്ങൾ ഇവിടെയുള്ള തുറസായ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് കാരണം കൊതുകൾ കൂടുന്നതിനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. അനധികൃതമായി പല വീടുകളിലും അന്യ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ പല ഭാഗങ്ങളിലും നിറയുന്നുണ്ട്. പ്രദേശവാസികളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാദേശിക ഭരണകൂടവും കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് സ്ഥലവാസികളും പറഞ്ഞു.ഡെങ്കിക്കൊപ്പം വിവിധ ജലജന്യ രോഗങ്ങളും ത്വക്ക് രോഗങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കുടിക്കാൻ ഓരോ ഉപയോഗിക്കുന്ന വെള്ളത്തിലും മാലിന്യങ്ങൾ കടന്നുകൂടുന്നുണ്ട്. എലിപ്പനി ഉൾപ്പെടെ പിടിപെടാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. റോഡിന്റെ വശങ്ങളിൽ വരെ മാലിന്യങ്ങൾ നിക്ഷിപ്പിക്കുന്നുണ്ട്. നിലവിൽ പ്രദേശത്ത് നിരവധി പേർക്ക് പനിപിടിപ്പെട്ടിട്ടുണ്ട്.