
മതനിരപക്ഷതയെ തകർക്കാൻ കഴിയില്ല: മുഖ്യമന്ത്രി
ചെങ്ങന്നൂർ: ബിജെപിക്ക് ഇരിപ്പിടം കൊടുക്കാത്തതിനാൽ കേരളത്തിന്റെ മതനിരപക്ഷതയെ തകർക്കാൻ കഴിയുന്നില്ലെന്നും അത് കേരള വിരുദ്ധ നിലപാടായി രൂപപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെങ്ങന്നൂരിൽ നടന്ന നവകേരള സദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം .
കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ പ്രതികരിക്കാനും ശബ്ദിക്കാനും പ്രതിപക്ഷ കക്ഷികൾ തയ്യാറാകുന്നില്ല. ബിജെപിയുടെ കേരളവിരുദ്ധ മനസിനോടൊപ്പം കോൺഗ്രസിന്റെ മനസും ചേർന്നോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന് ലഭിക്കേണ്ട അർഹമായ കേന്ദ്ര വിഹിതം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി ഈ സാമ്പത്തിക വർഷത്തിലോ അടുത്ത സാമ്പത്തിക വർഷത്തിലോ പരിഹരിക്കാൻ കഴിയുന്നതല്ല. വർഷങ്ങളോളം നാടിനെ പുറകോട്ട് അടിപ്പിക്കും അത്. നാടിന്റെ പുരോഗതിക്കായുള്ള പരിപാടിയാണ് നവകേരള സദസ്. പ്രതിപക്ഷ കക്ഷികൾ ഇതു മനസിലാക്കുന്നില്ല. ഓരോ സദസിലും എത്തുന്ന പതിനായിരങ്ങൾ കേരളത്തിന്റെ ആകെ ഭാഗമാണ്. ഭേദചിന്തയില്ലാതെ നാട് ഒന്നിക്കുകയാണ്. നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ ജനങ്ങൾ തള്ളിക്കളയുകയാണ് ചെയ്തത്. ജനവികാരം മനസിലാക്കി പ്രതിപക്ഷ കക്ഷികൾ നാടിന്റെ നന്മയ്ക്കായി ഒന്നായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, വി.എൻ. വാസവൻ, വീണാജോർജ് മന്ത്രിമാരായ കെ. രാജൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, പി.രാജീവ്, വി.ശിവൻ കുട്ടി, പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, ജെ.ചിഞ്ചുറാണി, പി.പ്രസാദ്, ഡോ.ആർ.ബിന്ദു, എ.എം ആരിഫ് എം.പി, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ എന്നിവർ പങ്കെടുത്തു.