
തിരുവല്ല: ശുദ്ധജല വിതരണത്തിനായി ജില്ലയിൽ 2947 കോടി രൂപ അനുവദിക്കപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
എല്ലാ കുടുംബങ്ങൾക്കും പൈപ്പിൽ ശുദ്ധജലം എത്തിക്കുകയെന്ന സർക്കാർ ലക്ഷ്യത്തിനായി ജലജീവൻ മിഷൻ പദ്ധതി വളരെ ഗൗരവത്തോടെയാണ് നടപ്പിലാക്കാൻ തീരുമാനിച്ചത്. 60 വർഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചിടത്തു നിന്ന് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 36 ലക്ഷം ആയി ഉയർത്താൻ സാധിച്ചു. ഇനി വരാൻ പോകുന്ന രണ്ട് വർഷം കൊണ്ട് അത് വീണ്ടും ഉയർത്തും. തിരുവല്ല മണ്ഡലത്തിൽ ജലജീവൻ മിഷനുവേണ്ടി 304 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 154 കോടി കിഫ്ബിയിലൂടെയും 48 കോടി അമൃത് സ്‌കീമിലൂടെയും 140 കോടി നബാർഡ് സ്‌കീമിലൂടെയുമുള്ള പ്രവർത്തനങ്ങൾ ജലസേചനം, കുടിവെള്ളം, ജലവിതരണം എന്നിവയിൽ ജില്ലയിൽ നടക്കുന്നു. ഇതിന്റെ ഭാഗമായി ജലസേചന പദ്ധതികളും നദി സംരക്ഷണ പരിപാടികളും നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് സർക്കാർ ആശുപത്രികളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സാദ്ധ്യമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. കോവിഡ് വ്യാപിച്ച സമയത്ത് ആരോഗ്യരംഗത്തെ നെറ്റ് വർക്ക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനായി. സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യകിറ്റ് നൽകി.
ആരോഗ്യ രംഗത്തും സുരക്ഷാ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.