സർക്കാർ സുതാര്യം : കെ. രാജൻ
സുതാര്യമായാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്നും അതിനാൽ സ്വന്തം കുറ്റങ്ങളും കുറവുകളും ഏറ്റു പറയുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കേരളം നേരിടുന്ന അവഗണനയോട് സർക്കാർ നടത്തുന്ന ചരിത്ര പോരാട്ടമാണ് ജനങ്ങളോട് പറയുന്നത്. സ്ത്രീപുരുഷ ഭേദമില്ലാതെ 64 ലക്ഷം പേർക്ക് 1600 രൂപ ക്ഷേമപെക്ഷൻ നൽകുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തിനു നൽകേണ്ട വിഹിതം വെട്ടിക്കുറച്ച് ദുരന്തകാലത്ത് പോലും കേരളത്തെ കേന്ദ്രസർക്കാർ വഞ്ചിക്കുകയാണ്. സർക്കാരിനെ മാത്രമല്ല മൂന്നരക്കോടി വരുന്ന ജനങ്ങളുടെ വികസന അഭിലാഷങ്ങൾക്കാണ് കേന്ദ്രവും അതിന്റെ കൂടെ നിന്ന് പ്രതിപക്ഷവും തുരങ്കം വയ്ക്കുന്നത്.കേരളത്തിൽ എല്ലാവർക്കും വീട്, എല്ലാവർക്കും ഭൂമി എന്നതാണ് സർക്കാർ ലക്ഷ്യം. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിച്ചു കൊണ്ട് മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഒരുക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ അസാധാരണമായ മാറ്റം കൊണ്ടു വരാൻ സർക്കാരിനു സാധിച്ചു -----------------------------------
ദീർഘവീക്ഷണമുള്ള സർക്കാർ: കെ.രാധാകൃഷ്ണൻ
വികസന കാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഭാവിയിൽ സമൂഹം എങ്ങനെ ആയിരിക്കണമെന്നതിൽ കൃത്യമായ കാഴ്ച്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 25 വർഷം കഴിയുമ്പോൾ കേരളം എവിടെയെത്തണമെന്നുള്ള കാഴ്ചപ്പാടാണ് നവകേരള സദസിലൂടെ സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ കേരളം ഒരു കാരണവശാലും രക്ഷപ്പെടരുത് എന്ന നിലപാടാണ് യു.ഡി.എഫ്. സ്വീകരിച്ചത്. നാളിതു വരെ കേരളത്തിന്റെ പൊതു ആവശ്യങ്ങൾക്കായി ശബ്ദമുയർത്താൻ തയ്യാറാകാത്തവരാണിവർ. കേരളത്തിന്റെ സാമൂഹിക മാറ്റത്തിൽ പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയുംജീവിതത്തിൽ മാറ്റമുണ്ടാകാൻ വേണ്ടിയുള്ള ഇടപെടലാണ് പിണറായി വിജയൻ സർക്കാർ ചെയ്തത്. തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ കടമയോടുകൂടി നിറവേറ്റുന്ന സർക്കാറാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജനക്ഷേമം ലക്ഷ്യം: സജി ചെറിയാൻ
ജനക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇൗ നാട്ടിലെ ജനങ്ങളുടെ പൂർണ പിന്തുണ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുണ്ട്. പരാതികൾ സമയ ബന്ധിതമായി പരിഹരിക്കും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും കേട്ട് അവയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കും. നാടിന്റെ വികസനത്തിന് തടസമായ കാര്യങ്ങൾ ഒഴിവാക്കി ആസൂത്രണത്തോടെ പരിഹാരം കാണും. മികവുറ്റ ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നതിന് നവകേരള സദസിലെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ജനക്കൂട്ടമാണ് തെളിവെന്ന് അദ്ദേഹം പറഞ്ഞു.