cm

പത്തനംതിട്ട : സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി പ്രകോപനമുണ്ടാക്കാൻ ബോധപൂർവമായ നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണറുടെ തെറ്റായ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ബ്ളഡി ക്രിമിനൽസ്, ഗുണ്ടാസ് എന്നൊക്കെ എങ്ങനെ വിളിക്കാൻ കഴിയും?. ജനപ്രതിനിധിയായും മന്ത്രിയായും ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാൾക്ക് എങ്ങനെയാണ് പരുഷമായ വാക്കുകൾ ഉപയോഗിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നിയമിക്കാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പാനൽ വാങ്ങുക. യൂണിവേഴ്സിറ്റി നൽകാത്ത പേരുകൾ ഗവർണർക്ക് എവിടുന്ന് കിട്ടി. ആർ.എസ്.എസിൽ നിന്നു കിട്ടിയ പേരുകളാണ് അദ്ദേഹം അംഗീകരിച്ചത്. അതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്. കരിങ്കൊടി കാണിക്കുന്നവരെ ഗുണ്ടകളെന്ന് ഞങ്ങൾ വിളിച്ചിട്ടില്ല. അവർക്കുനേരെയും കൈ വീശിയാണ് ഞങ്ങളുടെ യാത്ര. ജനാധിപത്യസമരം അക്രമത്തിലേക്കു മാറുമ്പോൾ പൊലീസാണ് ഇടപെടേണ്ടത്. കാറിൽ നിന്നിറങ്ങി സമരക്കാർക്കു നേരെ പോകുന്നത് പ്രകോപനം സൃഷ്ടിക്കലാണ്. പ്രോട്ടോക്കാൾ ലംഘിച്ച നടപടി ഗവർണർക്ക് ചെയ്യാൻ പറ്റുന്നതാണോയെന്ന് കേന്ദ്രസർക്കാർ ആലോചിക്കണമെന്ന് പിണറായി പറഞ്ഞു.

ഗൺമാനെക്കുറിച്ച് ചോദ്യം,
മൈക്ക് ഓഫ് ചെയ്ത് എഴുന്നേറ്റു

മുഖ്യമന്ത്രിയുടെ ഗൺമാൻ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസുകാരെ മർദ്ദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് എഴുന്നേറ്റു പോയി.