pinarayi-vijayan

പത്തനംതിട്ട : സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ കേരള വിരുദ്ധ മനസിനൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ആറൻമുള മണ്ഡലത്തിലെ നവകേരള സദസ് പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസുകാരുടെ ഒക്കച്ചങ്ങായിമാരായ ബി.ജെ.പി നവകേരള യാത്രയ്ക്കെതിരെ എന്താ രംഗത്തു വരാത്തതെന്ന് എല്ലാവരും ചിന്തിക്കുകയായിരുന്നു. അവരും കഴിഞ്ഞ ദിവസം ഇറങ്ങി. തിരുവനന്തപുരത്ത് ഡി.ജി.പിയുടെ വീട്ടിലേക്ക് സ്ത്രീകളെ ഇറക്കി. ബി.ജെ.പിക്ക് ഇവിടെ ഇരിപ്പിടം കിട്ടാത്തതിന്റെ വിഷമമാണ്. കേരളത്തിന്റെ മതേതര മനസ് അവരെ സ്വീകരിക്കാൻ തയ്യാറല്ല. ഇവിടെ വർഗീയതയ്ക്ക് ഇടമില്ല.

നവകേരള യാത്രയുടെ ബസിനു മുന്നിൽ ചാടി വീഴുന്നതും കരിങ്കൊടി കാണിക്കുന്നതും പ്രകോപനം സൃഷ്ടിക്കാനാണെന്നും അതിൽ കുടുങ്ങരുതെന്നും തങ്ങൾ പറഞ്ഞത് അക്ഷരം പ്രതി സമൂഹം സ്വീകരിച്ചു. ബസിനു നേരേ ചാടി വീഴുന്നവരെ തടഞ്ഞത് ജീവൻ രക്ഷിക്കാനാണെന്ന് താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. പ്രകോപനത്തിൽ കുടുങ്ങരുതെന്ന അഭ്യർത്ഥന കൊണ്ടാണ് പിന്നീട് പ്രശ്‌നങ്ങൾ ഉണ്ടാകാതെ പോയത്.

അല്ലെങ്കിൽ ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിലൂടെ നവകേരള ബസ് വരുമ്പോൾ ഒന്നോ രണ്ടോ പേർ കരിങ്കൊടി വീശിയാൽ എന്താണ് സംഭവിക്കുകയെന്ന് പറയേണ്ടതുണ്ടോ? എല്ലാവരും ശാന്തരായി ചിരിച്ചുകൊണ്ട് നോക്കി നില്ക്കുന്ന സ്ഥിതിയാണുണ്ടായതെന്ന് പിണറായി വിജയൻ പറഞ്ഞു.