accident-
പെണ്ണുക്കര പണിപ്പുരപ്പടിയിൽ മറിഞ്ഞ വാൻ താഴ്ചയിലെ വീട്ടിലേക്ക് ഇടിച്ചു കയറിയ നിലയിൽ

ചെങ്ങന്നൂർ: എറണാകുളത്ത് നിന്ന് എടപ്പോണിലേക്ക് പാലുമായി പോയ വാൻ നിയന്ത്രണം വിട്ട് റോഡ് നിരപ്പിൽ നിന്ന് എട്ടടി താഴ്ചയിലുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു. വാൻ ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ഇരുവരേയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാൻ ഡ്രൈവർ പെരിങ്ങലിപ്പുറം സ്വദേശി അഖിൽ (22 ) സഹായി പാറ്റൂർ സ്വദേശി അജു (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ തേനി - കൊല്ലം റോഡിൽ പെണ്ണുക്കര പണിപ്പുരപ്പടിയിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമീക വിലയിരുത്തൽ.വാൻ പെണ്ണുക്കര, കുഴവൻതറയിൽ ചാക്കോ സാമുവലിന്റെ വീടിന് മുകളിലേക്കാണ് പതിച്ചത്. ആ സമയം സിറ്റൗട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന ചാക്കോ അത്ഭുതകരമായി രക്ഷപെട്ടു. ഇവിടെ ചാക്കോയുടെ മാതാവും, ഭാര്യയും രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്.