ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം ഫലപ്രദമായി. നടപ്പന്തലിലെ ഒൻപതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പൊലീസിന്റെ സഹായത്തോടെ പതിനെട്ടാംപടി കയറി മുകളിലെത്താം. ഇവിടെ ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ടെത്താം. ദർശനത്തിനായുള്ള ആദ്യനിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷിതാവിനെയുമാണ് ഇന്നലെ രാവിലെ മുതൽ ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പൊലീസും ജാഗരൂകരാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഒരുക്കണമെന്ന സർക്കാർ നിർദ്ദേശവും നടപ്പാക്കുന്നുണ്ട്. കുട്ടികൾ കൂട്ടംതെറ്റാതിരിക്കാൻ പമ്പയിൽ അവരുടെ കൈയ്യിൽ പേരും രക്ഷാകർത്താവിന്റെ മൊബൈൽനമ്പറും എഴുതിയ ബാൻഡ് വനിതാ പൊലീസിന്റെ നേതൃത്വത്തിൽ ധരിപ്പിക്കുന്നുണ്ട്. ഭക്തരോടുള്ള ചൂഷണം ഒഴിവാക്കാൻ ഡോളിനിരക്ക് പ്രദർശിപ്പിക്കാനും പരാതികൾ തീർപ്പാക്കാൻ സ്പെഷ്യൽ കോർഡിനേറ്ററെയും ചുമതലപ്പെടുത്തി. ഗസ്റ്റ് ഹൗസുകളിലെ താമസസൗകര്യം കുറ്റമറ്റതാക്കാൻ 15ഓളം മുറികൾ മാറ്റിയിടുന്നത് ആലോചിക്കും. അപ്രതീക്ഷിത കാരണങ്ങളാൽ മുറികൾ ലഭിക്കാത്ത സാഹചര്യത്തിൽ തുക മടക്കിനൽകുമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ് പ്രസാദ് അറിയിച്ചു.