പത്തനംതിട്ട: ശബരിമല വിമാനത്താവളം മുതൽ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ട വരെ ചർച്ച ചെയ്ത് ജില്ലയിലെ നവകേരളസദസ് പ്രഭാതയോഗം. സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാതസദസിൽ ജില്ലയുടെ വികസനത്തെക്കുറിച്ചുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും മുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ഉന്നയിച്ചു. ആറന്മുള, തിരുവല്ല, റാന്നി, കോന്നി, അടൂർ നിയമസഭാ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുന്നൂറിലേറെ ആളുകളാണ് ഭാഗമായത്.
ശ്രീനാരായണ സർവകലാശാലയിൽ നൂതന തൊഴിലധിഷ്ഠിധ കോഴ്‌സുകൾ തുടങ്ങണമെന്നായിരുന്നു എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാറിന്റെ ആവശ്യം. പത്തനംതിട്ടയിൽ ശ്രീനാരായണ സർവകലാശാലയുടെ സെന്റർ തുടങ്ങണമെന്നും സ്ഥാപനങ്ങൾക്കു പട്ടയം ലഭിക്കാനുള്ള നടപടി സർക്കാർ വേഗത്തിലാക്കണമെന്നും ഡി.അനിൽകുമാർ ആവശ്യപ്പെട്ടു. പത്തനംതിട്ട കേന്ദ്രമാക്കി സ്പിരിച്വൽ ടൂറിസം സർക്കാർ ഗൗരവതരമായി പരിഗണിക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു. സ്പിരിച്വൽ ടൂറിസം വിപുലമാക്കുന്നത് സർക്കാർ ഗൗരവതരമായി പരിശോധിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാകും. പ്രവാസികൾക്കായി കൂടുതൽ കൂട്ടായ്മകൾക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കും. മന്ത്രി വീണാ ജോർജ്, എം.എൽ.എമാരായ അഡ്വ.മാത്യു ടി തോമസ്, അഡ്വ.പ്രമോദ് നാരായണൻ, അഡ്വ.കെ.യു.ജനീഷ് കുമാർ, മുൻമന്ത്രി ടി.എം.തോമസ് ഐസക്, ജില്ലാ കളക്ടർ എ.ഷിബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, സാഹിത്യകാരനായ ബെന്യാമിൻ, ക്‌നാനായ സഭ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ത്രെവാനിയോസ്, വേൾഡ് മിഷനറി ഇവാഞ്ചലിസം ഇന്റർനാഷണൽ ചെയർമാനും ഇന്റർ പെന്തക്കോസ്തൽ ദേശീയ ജനറൽ സെക്രട്ടറിയുമായ ഒ.എം.രാജുകുട്ടി, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സെക്രട്ടറി പി.എസ്.നായർ, മുസ്ലിം ജമാഅത്ത് പത്തനംതിട്ട ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ അൽഖാസ്‌നി, ഓർത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ടി.പി.ഹരിദാസൻ നായർ, യാക്കോബായ സഭ പ്രതിനിധി റവ.ഫാദർ എബി സ്റ്റീഫൻ, സ്‌പെഷ്യൽ ടീച്ചർ സംഘടന അവാർഡ് ജേതാവ് പ്രിയ പി.നായർ, സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ, കാർട്ടൂണിസ്റ്റ് ജിതേഷ്, പൗൾട്രി ബിസിനസ് സംരംഭകനായ പി.വി.ജയൻ, ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രതിനിധി ജിജി വർഗീസ്, കാതലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ സിന്ധു ജോൺസ്, ഐ.പി.സി ജനറൽ കൗൺസിൽ പ്രതിനിധി പീറ്റർ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി സി.വി.മാത്യു, കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ സർവകലാശാല സെന്റർ തുടങ്ങണമെന്ന് ആവശ്യം