youth-
ഉതിമൂട്ടിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് നീക്കുന്നു. എസ്.എഫ്‌.ഐ- ഡി.വൈ.എഫ്‌.ഐ പ്രവർത്തകരും സമീപം

റാന്നി: റാന്നിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം . റാന്നിയിലെ നവകേരള സദസിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എത്തുന്നതിനു മുൻപായിരുന്നു സംഭവം. കമ്പിൽ കറുത്ത തുണിചുറ്റി ബസിനുനേരെ വലിച്ചെറിയാനായി 20ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണിക്കൂറുകളോളമായി പുനലൂർ - മൂവാറ്റുപുഴ പാതയിൽ വലിയ കലുങ്കിന് സമീപം കാത്തുനിൽക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, സംസ്ഥാന സെക്രട്ടറി അഡ്വ.സാംജി ഇടമുറി , ഷിബി താഴത്തില്ലത്ത്, റിജോ തോപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിക്കാനെത്തിയത്. കാറിലെത്തിയ എസ്എഫ്‌- ഐഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവരെ തിരിച്ചറിയുകയും തുടർന്ന് സംഘർഷം ആരംഭിക്കുകയും ചെയ്തു. 20 മിനിറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റി പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതേസമയം ആക്രമണം നടത്തിയ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.