കോന്നി: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പടക്കം പൊട്ടി ആന ചരിഞ്ഞതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിനിടെ ബി ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി നായാട്ട് സംഘത്തിൽ ഉൾപ്പെട്ട തണ്ണിത്തോട് വി.കെ പാറ ഈട്ടിമൂട്ടിൽ സോമരാജനെ അറസ്റ്റ് ചെയ്തു. ഇയാളെ വനപാലകർ ചോദ്യം ചെയ്യുകയാണ്. പന്നിപ്പടക്കം ഉപയോഗിച്ചാണ് മ്ലാവിനെ വേട്ടയാടിയത്. പന്നിപ്പടക്കം നിർമ്മിക്കുന്നതിൽ വിദഗ്ധനും മുഖ്യ സൂത്രധാരനുമായ തണ്ണിത്തോട് വി.കെ പാറ പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടിയും സഹായി രതീഷ്ഭവനിൽ ഹരീഷും ഒളിവിലാണ്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എസ്. റെജികുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം.കെ ഗോപകുമാർ എസ്.എഫ്.ഒ എസ്. അജയൻ, ബി.എഫ്.ഒമാരായ ഗോപകുമാർ, ഷിബുരാജ്, ഡാലിയ, ഐശ്വര്യ സൈഗാൾ, ആദിത്യ സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.