പത്തനംതിട്ട: കരിങ്കൊടി പ്രതിഷേധങ്ങളെപ്പോലും ഭയപ്പെടുന്ന ഭീരുത്വത്തിന്റെ പര്യായമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അതുകൊണ്ടാണ് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പൊലീസിനേയും സി.പി.എം പ്രവർത്തകരേയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നവകേരളാ സദസിനായി മുഖ്യമന്ത്രി എത്തിച്ചേർന്ന ദിവസം യാതൊരു പ്രകോപനവും ഇല്ലാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഹാസ് പത്തനംതിട്ടയേയും മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ നിന്നും കരുതൽ തടങ്കൽ എന്ന പേരിൽ അറസ്റ്റ് ചെയ്യുകയും സമാധാനപരമായി പ്രതിഷേധിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ എം.ജി.കണ്ണൻ, വിജയ് ഇന്ദുചൂഡൻ, സാംജി ഇടമുറി മറ്റ് പ്രവർത്തകർ എന്നിവരെ പൊലീസും സി.പി.എം ക്രിമിനലുകളും ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ഭരണകൂട ഭീകരതയാണെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. കോൺഗ്രസിൽ നിന്നും പുറത്താക്കിയ പാർട്ടി വിരുദ്ധരും അഴിമതിക്കാരുമായവരെ ചേർത്തുപിടിക്കാനാണോ പത്തനംതിട്ടയിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.