
റാന്നി : പ്രളയത്തിൽ തളരാത്ത മനുഷ്യർ പ്രളയ സമയത്തു ചേർത്തു നിറുത്തിയ സർക്കാരിന് നൽകിയ ആദരമായി മാറി റാന്നിയുടെ നവകേരള സദസ്സ്. കോരിച്ചൊരിയുന്ന മഴയ്ക്കു റാന്നിയിലെ ജനങ്ങളുടെ മനസിനെ തോൽപ്പിക്കാനായില്ല.
സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങൾ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരള സദസ് റാന്നി മണ്ഡലത്തിൽ റാന്നി മാർ സേവിയസ് സ്കൂൾ ഗ്രൗണ്ടിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ അരങ്ങേറി.
കോരിച്ചൊരിയുന്ന മഴയിലും പതിനായിരക്കണക്കിനു ജനങ്ങളാണ് മന്ത്രിസഭയെ കാണാനായി മാർ സേവിയസ് സ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.
നോളജ് വില്ലേജിന്റ ഭാഗമായുള്ള എന്റെ കേരളം എന്റെ സ്വപ്നം എന്ന രേഖയും നൽകിയാണു മുഖ്യമന്ത്രി പിണറായി വിജയനെ സദസിലേക്കാനയിച്ചത്. എഴുമറ്റൂർ രാജരാജ വർമ്മയുടേയും ബെന്യാമിന്റേയും അവരുടെ കൈയ്യൊപ്പിട്ട പുസ്തകങ്ങൾ നൽകിയാണു മറ്റു മന്ത്രിമാരെ സ്വീകരിച്ചത്.
തിങ്ങിനിറഞ്ഞ സദസിലേക്ക് ആദ്യമെത്തിയത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാനും ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണിയുമായിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ
മുഹമ്മദ് റിയാസും പിന്നാലെ സദസിലെത്തി. തുടർന്ന് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റ് മന്ത്രിമാരും എത്തിയതോടെ ആവേശത്തിൽ റാന്നി അക്ഷരാഥത്തിൽ ആവേശക്കടലായി മാറി.
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയുമായാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിച്ചത്.