adoor

അടൂർ : അതിക്രൂരമായ മനോഭാവത്തോടെയാണ് കേന്ദ്രസർക്കാർ കേരളത്തോട് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ തനത് വരുമാനവും ആഭ്യന്തര വളർച്ചയും നല്ല രീതിയിലാണ് പോകുന്നത്. എന്നാൽ നമ്മളെ മുന്നോട്ടുപോകാൻ വിടില്ലെന്ന വാശിയാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് എതിരായി ഗവർണറെ കയറൂരിവിട്ടിരിക്കുകയാണ്. എന്തും വിളിച്ചുപറയാൻ മടിയില്ലാത്ത ആളാണ് കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ. താനിരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കാതെയാണ് അദ്ദേഹം പെരുമാറുന്നത്. ആരീഫ് മുഹമ്മദ്ഖാന്റെ വിവാദമായ 'ബ്ളഡി കണ്ണൂർ' പരാമർശത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സ്വാതന്ത്ര്യസമരകാലം മുതലുള്ള കണ്ണൂരിന്റെ ചരിത്രം അറിയാതെയാണ് ബ്ളഡി കണ്ണൂർ പ്രയോഗം നടത്തിയിരിക്കുന്നത്. പഴശ്ശിയുടേയും കേരളവർമ്മയുടെയും ചരി​ത്രം മനസിലാക്കാതെയാണ് ആരീഫ് മുഹമ്മദ് ഖാൻ കണ്ണൂരിനെ പരിഹസിക്കുന്നത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഗവർണർ പരിശ്രമിക്കുന്നത്. ആരീഫ് മുഹമ്മദ്ഖാനൊപ്പം ചേർന്നു നൽക്കുകയാണ് കേരളത്തിലെ യു.ഡി.എഫ്. അഭിപ്രായവത്യാസങ്ങൾ മാറ്റിവച്ച് കേന്ദ്രത്തിനെതിരായ സമരത്തിലേക്ക് പ്രതിപക്ഷംകൂടി സഹകരിക്കണമെന്ന സർക്കാരിന്റെ ക്ഷണം യു.ഡി.എഫ് നിരസിക്കുയാണ് ചെയ്തത്. നാടിന്റെ വളർച്ചയ്ക്ക് കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു.മന്ത്രിമാരായ ആന്റണി രാജു, എം.ബി. രാജേഷ്, കെ.രാജൻ എന്നിവർ പ്രസംഗിച്ചു. ആർ.ഡി.ഒ എ.തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി ആദരിച്ചു.

കഴിഞ്ഞ ഏഴര വർഷമായി ഇടതു സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജനങ്ങളുമായി സംവദിക്കാനുമാണ് ജനകീയ മന്ത്രി​സഭ ജനങ്ങളി​ലേക്ക് എത്തുന്നത്. ജനകീയ സദസിൽ ലഭിച്ച പരാതികൾ മന്ത്രിമാർക്ക് കൈമാറി അടിയന്തിര പരിഹാരം സ്വീകരിക്കും.

ചിറ്റയം ഗോപകുമാർ,

ഡെപ്യൂട്ടി സ്പീക്കർ