covid

പത്തനംതിട്ട : രണ്ടാഴ്ചകൊണ്ട് ജില്ലയിൽ 120 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സ്വകാര്യ ആശുപത്രികളിൽ നിരവധിപ്പേർ ചികിത്സതേടി. ഡിസംബറിന്റെ തുടക്കം മുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഞ്ച് ദിവസം കൊണ്ട് അൻപതിലധികം പേർ പോസിറ്റീവായി. പലരും പരിശോധന നടത്താൻ മുന്നോട്ട് വരുന്നില്ല. ക്ഷീണമുള്ളവരെയും ശ്വാസതടസമുള്ളവരെയുമാണ് ഇപ്പോൾ പരിശോധിക്കുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നുമില്ല. സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ അദ്ധ്യാപകനെ പരിശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ജനം തിങ്ങി നിറഞ്ഞ നവകേരള സദസ് അടക്കമുള്ള പൊതുപരിപാടികൾ നടന്നപ്പോഴും കൊവിഡ് പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയിരുന്നില്ല.

പരിശോധന നടത്താൻ വിസമ്മതം

പനിയും തലവേദനയുമായി എത്തുന്നവരിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പരിശോധന നടത്താൻ പലരും താത്പര്യം കാണിക്കുന്നുമില്ല. മരുന്ന് കഴിച്ചോളാം എന്ന ഉപാധിയിൽ വീട്ടിലേക്ക് മടങ്ങുകയാണ്.

കണക്കില്ലാതെ കൊവിഡ്

കൊവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുമ്പോഴും അധികൃതർ വ്യക്തമായ കണക്ക് കാണിക്കുന്നില്ല. ആരോഗ്യ വകുപ്പിന് പോലും ആശയകുഴപ്പമാണ്. ജില്ലയിൽ നിന്ന് നൽകുന്ന കണക്ക് ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല.

ഒമിക്രോൺ ജെ.എൻ വൺ

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെ.എൻ വൺ വ്യാപനമാണ് ഇപ്പോൾ ഉള്ളത്. വാക്സിനെടുത്തവരിൽ വൈറസ് അപകടകരമാകില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും ഗർഭിണികളിലും രോഗം അപകടകരമായേക്കാം. ശക്തമായ ചുമ, തൊണ്ടയിലെ അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങൾ.

രണ്ടാഴ്ചകൊണ്ട് കൊവിഡ് വ്യാപനം,
മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം