
ശബരിമല തീർത്ഥാടനം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. പതിവിന് വിപരീതമായി തിരക്കു നിയന്ത്രണത്തിലെ പാളിച്ച ഇത്തവണ വലിയ ചർച്ചയായി. തീർത്ഥാടകർക്ക് ശബരിമലയിൽ സുരക്ഷിതത്വമില്ലെന്നും സുഗമമായ ദർശനത്തിന് അനന്തമായ കാത്തുനിൽപ്പു വേണ്ടിവരുന്നെന്നും വലിയ തോതിൽ പ്രചരണമുണ്ടായതിൽ വാസ്തവമുണ്ട്. ഡിസംബർ ഒൻപത് മുതൽ പന്ത്രണ്ട് വരെ ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ പിഴവുണ്ടായെന്നത് നേരാണ്. ഇത് ഭക്തജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കി. ദീർഘയാത്ര ചെയ്ത് അയ്യനെ ഒരു നോക്ക് കണ്ട് ദർശന പുണ്യം നേടാൻ എത്തിയവർ വനപാതയിൽ കുടുങ്ങിയപ്പോൾ അവർക്ക് വലിയ ദുരിതം നേരിടേണ്ടി വന്നു. ഭക്ഷണവും വെള്ളവുമില്ല, പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യങ്ങളില്ല തുടങ്ങിയ ആക്ഷേപങ്ങൾ കേട്ടു. വാഹനങ്ങളിൽ എത്തിയവർ മണിക്കൂറുകൾ ക്യൂവിൽ കിടന്ന് വല്ലവിധേനയും നിലയ്ക്കൽ പ്രധാന ഇടത്താവളത്തിൽ എത്തിയപ്പോൾ അവിടെ കണ്ട കാഴ്ചകൾ ഭയാനകമായിരുന്നു. കുട്ടികളും പ്രായമായവരും കെ.എസ്.ആർ.ടി.സി ബസുകളിൽ തിങ്ങി ഞെരുങ്ങിയും തൂങ്ങിയും കിടന്നു പമ്പയിലേക്ക് യാത്ര ചെയ്തത് അപകട വക്കിലൂടെയാണ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന സാഹചര്യവും കൂടി ഉടലെടുത്തു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല യാത്രയും അതികഠിനമായിരുന്നു. ത്യാഗ മനോഭാവവും സഹന ശക്തിയുമാണ് മല കയറുന്നവരുടെ മനക്കരുത്ത്. എന്നു വിചാരിച്ച് അവർ ഏതു കഷ്ടപ്പാടുകളും സഹിച്ചു കൊള്ളണം എന്ന അലിഖിത നിയമം ശബരിമലയിൽ ഉണ്ടെന്നു തോന്നിക്കുന്ന സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. ഭക്തരുടെ പ്രയാസങ്ങൾ വലിയ പ്രതിഷേധങ്ങളായി ഉയർന്നു. പ്രതിപക്ഷ കക്ഷികൾ അത് സർക്കാരിനെതിരെ രാഷ്ട്രീയ വിഷയമാക്കി. തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഖകരമായ ദർശനം ഒരുക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും ശബരിമലയുടെ പേരിൽ നടക്കുന്നത് ദുഷ് പ്രചരണമാണെന്ന് വരുത്തി തീർക്കാനായിരുന്നു ഭരണകൂടത്തിന്റെ ശ്രമം. ഒടുവിൽ, കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സാഹചര്യം വന്നപ്പോൾ സർക്കാർ ഉണർന്നു. നവകേരളയാത്രയിൽ പങ്കെടുക്കുകയായിരുന്ന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ശബരിമലയിലേക്ക് അയച്ചു.
മന്ത്രിയുടെ വരവിൽ
എല്ലാം ക്ളിയർ!
മന്ത്രി വരുന്നു എന്ന പ്രഖ്യാപനം കേട്ടയുടൻ ശബരിമലയിൽ തിരക്കു നിയന്ത്രണ വിധേയമായി. മന്ത്രി കണ്ടത് വലിയ തിരക്കില്ലാതെ ഭക്തർ ദർശനം നടത്തി മടങ്ങുന്നതാണ്. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസ് കിട്ടാതെ യാത്രക്കാർ വലയുന്ന ദൃശ്യങ്ങൾ മന്ത്രി വരുന്ന ഘട്ടത്തിൽ ഉണ്ടായില്ല. പമ്പയിൽ പതിനെട്ടു മണിക്കൂർ വരെ ഭക്തർ ഞെരുങ്ങി കാത്തു നിന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ മന്ത്രി വന്നപ്പോൾ ഇല്ല. സന്നിധാനത്തേക്കുള്ള യാത്രയിൽ അപ്പാച്ചിമേട്ടിലും ശബരിപീഠത്തിലും മരക്കൂട്ടത്തും വെള്ളം കിട്ടാതെ ഭക്തർ നരകയാതന അനുഭവിച്ച സംഭവങ്ങൾ മന്ത്രിയുടെ യാത്രയിൽ കണ്ടില്ല. പണ്ട്, രാജാക്കൻമാർ എഴുന്നള്ളുവെന്ന് അറിയുമ്പോൾ തെരുവുകൾ വിജനമാകുന്ന ഒരു പ്രതീതി ശബരിമലയിലും ഞൊടിയിടയിൽ സംഭവിച്ചുവെന്നതാണ് യാഥാർത്ഥ്യം. അപ്പോൾ മൂന്നു നാലു ദിവസം ശബരിമല പാതയിലും നിലയ്ക്കലും പമ്പയിലും മരക്കൂട്ടത്തും സന്നിധാനത്തും ഭക്തർക്ക് നേരിടേണ്ടി വന്ന യാതനകൾ കൃത്രിമമായിരുന്നോ?. ഈ സംശയത്തിന് ബലം നൽകുന്നതാണ് കഴിഞ്ഞ വർഷത്തെ തീർത്ഥാടന കാലത്തും ഈ വർഷവും ഭക്തർ മല ചവിട്ടിയതിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ ഒൻപതിനും പതിനൊന്നിനും ഒരു ലക്ഷത്തിലേറെ തീർത്ഥാടകൾ ദർശനം നടത്തിയെന്നാണ് പൊലീസ് നിയന്ത്രിച്ച വെർച്വൽ ക്യൂവിലെ കണക്ക്. എന്നാൽ, ഈ വർഷം ഇതേ ദിവസങ്ങളിൽ തൊണ്ണൂറായിരം ഭക്തർ ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് നിയന്ത്രിക്കുന്ന വെർച്വൽ ക്യൂവിലെ കണക്കുകൾ പുറത്തു വന്നു. കഴിഞ്ഞ വർഷം തിരക്കേറിയ ദിവസങ്ങളിൽ പരാതികളില്ലാതെ തീർത്ഥാടനം മുന്നാേട്ടു പോയി. ഈ വർഷം തിരക്കു നിയന്ത്രണം എങ്ങനെ പാളിയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പതിനെട്ടാം പടിയിൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാൻ പരിചയസമ്പന്നരായ പൊലീസ് ഓഫീസർമാർ ഇല്ലാതിരുന്നത് വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഒരു മിനിട്ടിൽ എൺപത് വരെ തീർത്ഥാടകരെ കയറ്റി വിട്ടിരുന്ന സ്ഥാനത്ത് അറുപത് വരെയായി കുറഞ്ഞത് പ്രതിസന്ധിയുണ്ടാക്കി. പടി കയറാനുള്ള താമസത്തിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വന്നത് വലിയ നടപ്പന്തൽ മുതൽ പിന്നോട്ട് പമ്പയിലും നിലയ്ക്കലും ശബരിമല റോഡുകളിലും എത്തിപ്പെട്ട ഭക്തരാണ്. നിലയ്ക്കൽ പാർക്കിംഗ് ക്രമീകരണത്തിന് പരിചയമില്ലാത്ത സ്വകാര്യ ഏജൻസി വന്നതും പ്രശ്നമായി. ഏഴായിരം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥാനത്ത് ആറായിരത്തി അഞ്ഞൂറിനടത്ത് വാഹനങ്ങൾക്കാണ് പാർക്ക് ചെയ്യാൻ കഴിഞ്ഞത്. ബാക്കി വാഹനങ്ങൾക്കെല്ലാം റോഡിൽ ക്യൂവിൽ കിടക്കേണ്ടി വന്നു.
ഇതിനകം തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ശബരിമലയിൽ ഭക്തർ അനുഭവിക്കുന്ന ദുരവസ്ഥകളെക്കുറിച്ചുള്ള വാർത്തകൾ പരന്നു.
അടിയന്തര ഇടപെടൽ ആശ്വാസമായി
ഏതായാലും സർക്കാരിന്റെ അടിയന്തര ഇടപെടൽ വലിയൊരു പ്രതിസന്ധിയെയാണ് ഒഴിവാക്കിയത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തും ശബരിമലയിലെത്തി. തീർത്ഥാടകർക്ക് സുഗമമായ ദർശനത്തിനുള്ള എല്ലാം സംവധാനങ്ങളും ഒരുക്കുമെന്ന മന്ത്രിയുടെയും പ്രസിഡന്റിന്റെയും വാക്കുകളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് തീർത്ഥാടകർ. ശബരിമല കേരളത്തിന്റെ മാത്രമല്ല, ദേശീയ തലത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഇവിടെ ഭക്തർക്ക് വേണ്ടുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഉത്തരവാദിത്വമാണ്. അയ്യപ്പ വിശ്വാസികളായ ഒട്ടേറെ ഓഫീസർമാരും പൊലീസുകാരും സേനയിലുണ്ട്. അവർ ആത്മാർത്ഥതയോടെയും പൂർണ ഭക്തിയോടെയുമാണ് ശബരിമലയിലെ തിരക്കും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്തു പോന്നിട്ടുള്ളത്. അങ്ങനെയുള്ളവരെ തീർത്ഥാടനത്തിന്റെ നിയന്ത്രണ ചുമതല ഏൽപ്പിക്കുന്നത് കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടാൻ സഹായിക്കും.