
ശബരിമല : നാൽപ്പത്തൊന്ന് ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് ശബരിമലയിൽ 27ന് മണ്ഡലപൂജ നടക്കും. 27ന് രാവിലെ 10.30 നും 11.30 നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് മണ്ഡലപൂജ. മണ്ഡലപൂജ വേളയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് നടയ്ക്കുവച്ച തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന് രാവിലെ 7ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 26ന് ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര പമ്പയിൽ എത്തിച്ചേരും. പമ്പ ദേവസ്വം സ്പെഷ്യൽ ഓഫീസർ മനോജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് പമ്പ ഗണപതി ക്ഷേത്രത്തിലേക്കാനയിക്കും. വൈകിട്ട് മൂന്നുവരെ ഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് തങ്കഅങ്കി ദർശിക്കാനുള്ള സൗകര്യം ഉണ്ടാകും. 3.15ന് പമ്പയിൽ നിന്ന് പുറപ്പെട്ട് 5.50ന് ശരംകുത്തിയിലെത്തും. ഇവിടെ നിന്ന് ദേവസ്വം എക്സിക്യൂട്ടീ വ് ഓഫീസർ ബി.കൃഷ്ണകുമാർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, സോപാനം സ്പെഷ്യൽ ഓഫീസർ അരവിന്ദ് എന്നിവർ ചേർന്ന് സ്വീകരിച്ച് ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും.
6.15ന് പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ സി.എൻ.രാമൻ, ചീഫ് എൻജിനിയർ അജിത്ത് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി സോപാനത്തേക്ക് ആനയിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ഭഗവാന് ചാർത്തി ദീപാരാധന നടത്തും. 27ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.