അടൂർ : മണക്കാല തപോവൻ പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഫാ. ഡോ. റെജി മാത്യു പ്രിൻസിപ്പൽ പദവിയിൽ പത്താംവർഷത്തിലേക്ക് കടക്കുന്നു. അർപ്പണമനോഭാവവും ചിട്ടയായ കഠിന പരിശ്രമവും വഴി സ്കൂളിനെ ഉന്നത നിലവാരത്തിൽ എത്തിച്ചത് അദ്ദേഹമാണ്. കാൺപൂർ സെന്റ് മേരീസ് സ്കൂൾ മാനേജരായും പ്രിൻസിപ്പലുമായാണ് വിദ്യാഭ്യാസ രംഗത്തെ തുടക്കം. 1989 വരെ കാൺപൂർ സെന്റ് മേരിസ് ചർച്ചിന്റെ വികാരിയായും പ്രവർത്തിച്ചു. പഞ്ചാബിലെ രാജ്പുര ഹോളി എയ്ഞ്ചൽസ് സ്കൂളിൽ പഠിപ്പിച്ചു. അമ്പാല സെന്റ് തോമസ് ചർച്ചിന്റെ വികാരിയായും സേവനമനുഷ്ഠിച്ചു. പിന്നീട് ഗ്വളിയർ സെന്റ് പോൾസ് പള്ളി വികാരിയായും ഹോളി എയ്ഞ്ചൽസ് സ്കൂളിൽ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. നാട്ടിലെത്തി 1995 - 97 കാലഘട്ടത്തിൽ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ സെക്രട്ടറിയായി. അക്കാലത്ത് തഴക്കര സെമിനാരി മാനേജരായും കുന്നംകുളം അരമന ചാപ്പൽ വികാരിയായും പ്രവർത്തിച്ചു. പിന്നീട് എത്യോപ്യയിലെ ഹോളി ട്രിനിറ്റി കോളേജിൽ അദ്ധ്യാപകനായി.
പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഇൻ തിയോളജിൽ ഡിഗ്രി കരസ്ഥമാക്കി. അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലുള്ള ഡാളസ് സെന്റ് തോമസ്, സെന്റ് പോൾസ്, ലുഫ്കിൻ സെന്റ് തോമസ് എന്നീ ദേവലായങ്ങളിലെ വികാരിയായി ടെക്സാസിലുള്ള ഗാർലാൻഡ് ഐ. എസ്. ഡിയിൽ സർട്ടിഫൈഡ് അദ്ധ്യാപകനായി . 2013 -ൽ പ്രാക്ടിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. നാട്ടിലെത്തി അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമിന്റെ ചായലോട് സെന്റ് ജോർജ്ജ് ആശ്രമത്തിൽ സെക്രട്ടറിയായി. 2014 ജനുവരി 10 ന് തപോവൻ സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു. . കഴിഞ്ഞ 10 വർഷത്തിനിടെ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്താനും വിദ്യാഭ്യാസ രംഗത്ത് അഭൂതപൂർവ്വമായ നേട്ടം കൈവരിക്കുവാനും സാധിച്ചു. 2016 - 17 വർഷത്തിൽ സി. ബി. എസ്. ഇ എം പാനൽ ചെയ്ത രണ്ട് എഡ്യുക്കേഷണൽ ഒാർഗനൈസേഷൻ ദേശീയ തലത്തിൽ ഏറ്റവും കഴിവുറ്റ പ്രിൻസിപ്പൽമാരെ കണ്ടെത്തുന്നതിനായി നടത്തിയ സർവ്വേയിൽ നൂറുപേരുടെ പട്ടികയിൽ അദ്ദേഹവും ഉണ്ടായിരുന്നു.