പന്തളം : പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേരാണ് ചികിത്സ തേടി പന്തളം കുടുംബാംരോഗ്യകേന്ദ്രത്തിൽ എത്തുന്നത്. പലരും ഡോക്ടർ ഇല്ല എന്ന കാരണത്താൽ സ്വകാര്യ ആശുപത്രി ആശ്രയിക്കുകയാണ്. നിലവിൽ ദിവസേന നൂറുകണക്കിന് ഒ.പി ഉള്ള പ്രധാന കുടുംബാരോഗ്യേന്ദ്രമാണ് പന്തളം. രണ്ട് ഡോക്ടർമാരിൽ ഒരു ഡോക്ടർ അവധിയിലാണെന്നാണ് അധികൃതരുടെ വിശദീകരണം. ആശുപത്രിയിലെ ജീവനക്കാർ കൃത്യമായി എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശബരിമല തീർത്ഥാടകന് കാലിന് മുറിവേറ്റിരുന്നു. മുറിവ് കെട്ടിവച്ച് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു. ദിവസവും വൈകിട്ട് നാലുവരെ ഒ. പി പ്രവർത്തിക്കേണ്ട ആശുപത്രിയിൽ മിക്ക ദിവസങ്ങളും ഉച്ചയ്ക്ക് ശേഷം ആശുപത്രി ആളൊഴിഞ്ഞ അവസ്ഥയാണ്.