അടൂർ : റവന്യൂ ടവറിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ അടൂർ പന്നിവിഴ കൈമലപുത്തൻവീട്ടിൽ അഖിലിനെയാണ് (24) പിടികൂടിയത്. കഴിഞ്ഞ പതിനഞ്ചിന് രാത്രി
11ന്അടൂർ റവന്യൂ ടവറിന് കിഴക്കുവശം പാർക്ക് ചെയ്തിരുന്ന പെരിങ്ങനാട് പുത്തൻചന്ത സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് മോഷ്ടിച്ചത്. സിസി.ടി.വി ക്യാമറകൾ പരിശോധിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്തതിനെ തുടർന്ന് പ്രതിയെപ്പറ്റി സൂചന ലഭിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വാഹനം കണ്ടെത്തി. കഴിഞ്ഞവർഷം പൊലീസ് സ്റ്റേഷനിൽ നിന്ന് ബൈക്കും സൈക്കിളും മോഷ്ടിച്ചതിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അടൂർ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐമാരായ എം. മനീഷ്, രാകേഷ് കുമാർ, സി.പി.ഓമാരായ സൂരജ്, ശ്യാം കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.