തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി ദേവിഭാഗവത നവാഹയജ്ഞം തുടങ്ങി. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. 22ന് രാവിലെ 9.30നാണ് നാരീപൂജ. നൂറാം വയസിൽ കന്നിമാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം കഴുകി മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും. മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
നാരീപൂജയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. 27ന് രാവിലെ 9ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3ന് കാവുംഭാഗം ഏറങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. സമാപന ദിവസമായ 28ന് കാവടി-കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും മഞ്ഞനീരാട്ടും നടക്കും.പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി, സെക്രട്ടറി പി.കെ. സ്വാമിനാഥൻ എന്നിവർ നേത്യത്വം നൽകും.