പത്തനംതിട്ട: ഇക്കഴിഞ്ഞ ആറൻമുള വള്ളംകളിയിൽ പടിഞ്ഞാറൻ തുഴക്കാരുമായി (കൂലി തുഴച്ചിൽക്കാർ) മത്സര വള്ളംകളിയിൽ പങ്കെടുത്ത് എ ബാച്ചിൽ ഒന്നാം സ്ഥാനം നേടിയ ഇടശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരികെ വാങ്ങാൻ പള്ളിയോട സേവാസംഘം പൊതു സഭ തീരുമാനിച്ചു. പള്ളിയോട സേവാ സംഘത്തിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണിത്. ഇവർക്കു ഗ്രാന്റ് നൽകില്ല. അടുത്ത ഒരുവർഷം വള്ളംകളിയിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ജല മേളയിൽ എ , ബി ബാച്ചുകളിൽ ഒന്നാം സ്ഥാനം നേടുന്ന പള്ളിയോടങ്ങൾക്ക് എൻ.എസ്.എസ് ഏർപ്പെടുത്തിയിട്ടുള്ള മന്നം ട്രോഫിയാണ് നൽകുന്നത്. റേസ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ വള്ളംകളിയിൽ തടസ്സങ്ങൾ സൃഷ്ടിച്ച ചെറുകോൽ, പുതുകുളങ്ങര, പ്രയാർ, അയിരൂർ പള്ളിയോടങ്ങളുടെ ഗ്രാന്റ് 50000 രൂപ വീതവും മേലുകര പള്ളിയോടത്തിന്റെ ഗ്രാന്റ് 25000 രൂപയും കുറവ്
ചെയ്യുവാനും തീരുമാനിച്ചു. ആറൻമുള ജലമേളയ്ക്ക് പുറമെ പമ്പയിൽ ഓണക്കാലത്തു നടക്കുന്ന നിരവധി ജലമേളകളിലും ആറന്മുള പള്ളിയോടങ്ങൾ പങ്കെടുക്കാറുണ്ട്. ആറന്മുള വഴിപാട് വള്ള സദ്യകളിൽ പങ്കെടുക്കുന്നതും 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ്. ആറന്മുള ശൈലിയിലുള്ള തുഴച്ചിലാണ് ഇവിടെ വേണ്ടത്. എന്നാൽ ഗതിവേഗം കൂട്ടാൻ പടിഞ്ഞാറൻ ശൈലി അവലംബിക്കും. ഇതിനായി കുട്ടനാട്ടിൽ നിന്നും ആലപ്പുഴയിൽ നിന്നുമുള്ള തുഴച്ചിൽകാരെ പള്ളിയോടങ്ങളിൽ കയറ്റും. ഇതിനെതിരെ യാണ് പലപ്പോഴും നടപടി ഉണ്ടാകുന്നത്. കഴിഞ്ഞ വർഷവും സമാന സംഭവം ഉണ്ടായിരുന്നു.