sandal

പത്തനംതിട്ട : സംസ്ഥാനത്ത് മണൽ വാരൽ പുനരാരംഭിക്കാനുള്ള നടപടികളുടെ ഭാഗമായി തയാറാക്കിയ പട്ടികയിൽ ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല നദികളും. ഒന്നര പതിറ്റാണ്ടായി നിലച്ചിരിക്കുന്ന മണൽവാരലാണ് പുനരാരംഭിക്കാൻ ശ്രമം നടക്കുന്നത്. ഇതിനായി റവന്യൂവകുപ്പ് നിയമത്തിൽ മാറ്റം വരുത്തും. കരട് ബിൽ തയ്യാറാക്കാൻ നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് റവന്യൂവകുപ്പ് രൂപം നൽകിയിട്ടുണ്ട്.
ഹൈക്കോടതി വിധിയെത്തുടർന്നാണ് കേരളത്തിലെ നദികളിലെ മണൽവാരൽ നിരോധിച്ചത്. നേരത്തെ നിയന്ത്രിതമായി അനുമതി നൽകിയിരുന്നെങ്കിലും കോടതി ഉത്തരവ് വന്നതോടെ നിരോധനം പൂർണമായി. പ്രളയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് മണൽവാരൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് കാരണം. നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധിക്കും ഇത് ഒരു പരിധിവരെ സഹായകമാകും.

വരുമാനം കൂടും, ഖജനാവിന് നേട്ടം
മണൽ വാരൽ അനുവദിച്ചാൽ റവന്യൂ വരുമാനത്തിൽ വലിയൊരു ലാഭം നേടാൻ കഴിയും. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഖജനാവിന്‌ നേട്ടമുണ്ടാകുകയും ചെയ്യും. സംസ്ഥാനത്തെ നദികൾ, ഡാമുകൾ എന്നിവിടങ്ങളിൽ 2018ലെ പ്രളയത്തിനുശേഷം വൻതോതിൽ മണൽ അടിഞ്ഞിട്ടുണ്ട്. ഇതു വാരാത്തത് തുടർച്ചയായ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായും റിപ്പോർട്ടുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാകും കടവുകൾ ലേലം ചെയ്യുക. മണൽവാരലിന് മുമ്പ് കൃത്യമായ പഠനം നടത്തി പരിസ്ഥിതിക്ക് ദോഷകരമാവരുതെന്ന് ഉറപ്പ് വരുത്തണമെന്നാണ് പരിസ്ഥിതി അനുകൂലികളുടെ വാദം.

നിയമം ഭേദഗതി ചെയ്യണം

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പ്രകാരം 2001ലെ നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും സംബന്ധിച്ച നിയമം ഭേദഗതി ചെയ്യേണ്ടിവരും. ജില്ലാതല സർവേ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ ഏതെല്ലാം നദികളിൽ മണൽശേഖരമുണ്ടെന്ന് നിശ്ചയിക്കാനാകൂ. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ നദിക്കും വെവേറെ പാരിസ്ഥിതിക അനുമതിയും തേടണം.

മണൽ വാരിയാൽ

1. നിർമ്മാണ മേഖലയിൽ ഉണർവ്,

2.തദേശ സ്ഥാപനങ്ങൾക്ക് വരുമാനം
3. ഗ്രാമീണ മേഖലയിൽ തൊഴിൽ നേട്ടം

4. വെള്ളപ്പൊക്ക ഭീഷണി ഒഴിയും

5. നദികളിലെ മലിനീകരണം ഒഴിവാകും

"മണൽ വാരുന്നത് നല്ലതാണ്. മണലിന്റെ ലഭ്യത അനുസരിച്ച് വേണം മണൽ വാരേണ്ടത്. ഒരുപാട് മണ്ണടിഞ്ഞിട്ടാണ് പ്രളയം ഉണ്ടാകുന്നതെന്ന് തോന്നുന്നില്ല. മുൻപ് ഉള്ളത്ര ചതുപ്പ് നിലങ്ങളോ പാടങ്ങളോ നിലവിൽ ഇല്ല.

ഫാ. ബെൻസി മാത്യു കിഴക്കേതിൽ

എന്റെ പമ്പാ , എന്റെ ജീവൻ പദ്ധതി ജനറൽ സെക്രട്ടറി