റാന്നി: ശബരിമലയിൽ ഇന്നലെ ഉണ്ടായ തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടന വാഹനങ്ങൾ വഴിയിൽ തടഞ്ഞു പൊലീസ്. പെരുനാട് ളാഹ, പുതുക്കട, കൂനംകര എന്നിവിടങ്ങളിലാണ് ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾ തടഞ്ഞിടുന്നത്. ഇന്നലെ രാവിലെയും, ഉച്ചയ്ക്കും വാഹനങ്ങൾ തടഞ്ഞത് മൂലം റോഡിൽ ഏറെനേരം ഗതാഗത തടസമുണ്ടായി. ഇരുവശങ്ങളിലും വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത സ്ഥിതി ഉണ്ടായിരുന്നു. രോഗിയുമായി പോയ ആംബുലൻസും ഗതാഗത കുരുക്കിൽ പെട്ടത് മൂലം കടന്നു പോകാൻ താമസം നേരിട്ടു. ഒരു മണിക്കൂറോളം വാഹനങ്ങൾ റോഡിൽ പിടിച്ചിടുമ്പോൾ തീർത്ഥാടകർ വെള്ളത്തിനും മറ്റും സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയും ഉണ്ടാകുന്നുണ്ട്. ളാഹ മേഖലയിൽ സർക്കാറിന്റെ ഏക്കർ കണക്കിന് ഭൂമി സ്വകാര്യകമ്പനി പാട്ടക്കാലാവധി കഴിഞ്ഞും ഉപയോഗിച്ചു വരുന്നുണ്ടെന്നും ഇത്തരം സാഹചര്യം വരുമ്പോൾ തീർത്ഥാടകരെ അടിസ്ഥാന സൗകര്യങ്ങളുള്ള പ്രദേശത്തു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാക്കി നൽകാനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് അയ്യപ്പ സേവാ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടു.
.......................................................
എരുമേലി കണമല മേഖലയിലും വാഹനങ്ങളുടെ തിരക്ക് വരുമ്പോൾ അത്തിക്കയം - പെരുനാട് വഴി വരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഒരു ഇടത്താവളമെന്ന നിലയിൽ ളാഹയിൽ ക്രമീകരണം ചെയ്യുകയാണെനിക്കിൽ നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കാനാവും.
(സാജു പെരുനാട്)