റാന്നി: കുടിവെള്ളപൈപ്പു പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടതുമൂലം ശബരിമല പാതയിൽ അപകടക്കെണി. മണ്ണാറക്കുളഞ്ഞി - പമ്പ റോഡിൽ വടശേരിക്കര ചമ്പോൺ അടുത്തുള്ള വളവിലാണ് റോഡിൽ പൈപ്പ് പൊട്ടിയതുമൂലം കുഴി രൂപപ്പെട്ടത്. ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത റോഡിൽ ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയാക്കി ഒരു മാസം പോലും പിന്നിടും മുമ്പാണ് റോഡിനു ഇത്തരത്തിൽ നാശം നേരിട്ടത്. സ്ഥിരമായി പൈപ്പ് പൊട്ടാറുള്ള സ്ഥലത്ത് വാട്ടർ അതോറിറ്റി റോഡ് പണിക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്താത്തത് മൂലമാണ് നിലവിൽ റോഡിനു ഇത്തരത്തിൽ നാശം നേരിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി തീർത്ഥാടന വാഹനങ്ങൾ കടന്നു പോകുന്ന പാതയിലെ അപകടക്കെണി എത്രയും വേഗം ഒഴിവാക്കണമെന്നാണ് പ്രദേശവാസികൾ ഉൾപ്പടെ ആവശ്യപ്പെടുന്നത്. തീർത്ഥാടകർക്ക് പുറമെ ഇരുചക്ര വാഹന യാത്രക്കാർക്കും റോഡിലെ കുഴി ഭീഷണിയാണ്.