sabari

ശബരിമല : മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വരുംദിവസങ്ങളിൽ അഞ്ഞൂറോളം പൊലീസുകാർ കൂടുതലായെത്തും. മണ്ഡലപൂജാസമയത്ത് ആകെ 2,700 പേരെയാണ് ശബരിമലയിൽ മാത്രമായി വിന്യസിക്കുക. നിലവിൽ പൊലീസ്, ആർ.ആർ.എഫ്, ബോംബ് സ്‌ക്വാഡ്, സി.ആർ.പി.എഫ്, എൻ.ഡി.ആർ.എഫ് എന്നീ വിഭാഗങ്ങളിലായി 2,150 പേരാണ് സന്നിധാനത്തും പരിസരത്തുമായി ഡ്യൂട്ടിയിലുള്ളത്. ഇതുകൂടാതെയാണ് പമ്പയിലും നിലയ്ക്കലുമുള്ള പൊലീസുകാരുടെ എണ്ണം. ശബരിമലയിലെ 750 പേരുടെ ഡ്യൂട്ടി ഇന്നലെ അവസാനിച്ച് പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റു. സന്നിധാനം ഓഡിറ്റോറിയത്തിൽ ഡി.ഐ.ജി രാഹുൽ ആർ.നായർ പുതിയ സേനാംഗങ്ങളെ വരവേറ്റു. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 10 ഡിവിഷനുകൾ തിരിച്ചാണ് ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 10 ഡിവൈ.എസ്.പിമാർ, 35 ഇൻസ്പെക്ടർമാർ, 105 എസ്.ഐമാർ, എ.എസ്.ഐമാർ എന്നിവർ നേതൃത്വം നൽകുന്നു.

ഒരു മണിക്കൂറിൽ ദർശനം നടത്തുന്ന

തീർത്ഥാടകരുടെ എണ്ണം : 4000

എല്ലാവർക്കും സുഗമമായ ദർശനം ഉറപ്പുവരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത മുൻകൂട്ടികണ്ടുള്ള ആസൂത്രണമാണ് നടത്തിവരുന്നത്.

കെ.എസ്.സുദർശനൻ,

സ്പെഷ്യൽ ഓഫീസർ