കോഴഞ്ചേരി: ജില്ലാ ആശുപത്രി വളപ്പിലെ ഓക്‌സിജൻ പ്ലാന്റിലെ പൊട്ടിത്തെറിയെക്കുറിച്ച് സർക്കാർ നിയോഗിച്ച ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നവംബർ 27ന് രാവിലെ 9.15നാണ് ഓക്‌സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായത്. ആളപായവും ഗൗരവമായ നാശനഷ്ടം ഉണ്ടായില്ലെങ്കിലും പൊട്ടിത്തെറിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് അന്നുതന്നെ മന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപിച്ചിരുന്നു. അന്വേഷണച്ചുമതല ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും വകുപ്പിന്റെ തന്നെ ഡയറക്ടർക്കുമായിരുന്നു. ഇവരുടെയും സർക്കാരിന്റെയും നിർദ്ദേശപ്രകാരം ആറുപേരടങ്ങുന്ന സാങ്കേതിക വിദഗ്ധരുടെ സമിതിയെയാണ് അന്വേഷണം നടത്തുന്നത്. പൊട്ടിത്തെറിയേത്തുടർന്ന് പ്ലാന്റിന്റെ മേൽക്കൂരയ്ക്കുണ്ടായ നാശം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമിതിയിലെ രണ്ട് വിദഗ്ദ്ധർ ഇന്നലെ ഓക്‌സിജൻ പ്ലാന്റ് സന്ദർശിച്ച് അന്വേഷണത്തിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സമിതി അംഗങ്ങൾ തയാറായിട്ടില്ല. ഇറ്റാലിയൻ കമ്പനിയാണ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചത്. പൊട്ടിത്തെറി ഉണ്ടായ ദിവസം തന്നെ കമ്പനിയുടെ സംസ്ഥാനത്തെ അംഗീകൃത പ്രതിനിധികൾ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പ്ലാന്റിൽ തുരുമ്പിന്റെ അംശം അധികമായതിനാലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ഇവരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇത് അംഗീകരിക്കാൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. ഇവരുടെ കണ്ടെത്തലിനേ തുടർന്ന് പ്ലാന്റിന്റെ നവീകരണം നടത്തിയാൽ വീണ്ടും ഇത്തരത്തിലുള്ള അത്യാഹിതങ്ങൾ ഉണ്ടാകുമെന്നുള്ള ആശങ്കയും വകുപ്പിനും സർക്കാരിനുമുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങിയ സമിതിയുടെ കണ്ടെത്തലിനുശേഷമായിരിക്കും ഓക്‌സിജൻ പ്ലാന്റിന്റെ നവീകരണം ആരംഭിക്കുന്നത്. പ്ലാന്റിന് കാലാവധി ഉള്ളതിനാൽ കമ്പനിതന്നെ നവീകരണപ്രവർത്തനങ്ങൾ നടത്തും.