sabarimala

ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്ത് തിരക്കേറി. റാന്നി പെരുനാട്, പാല, പൊൻകുന്നം, ഏറ്റുമാനൂർ, എരുമേലി എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിൽ ഇന്നലെ തീർത്ഥാടകവാഹനങ്ങൾ തടഞ്ഞിട്ട് തിരക്കുനിയന്ത്രിച്ചു. കഴിഞ്ഞയാഴ്ച കാനനപാതകളിൽ വാഹനങ്ങൾ തടഞ്ഞിട്ടത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാലാണ് ഇടത്താവളങ്ങളിൽ മാത്രം തടഞ്ഞത്. സന്നിധാനത്തെ തിരക്ക് കുറയുന്നതിന് അനുസരിച്ചാണ് ഇവ കടത്തിവിട്ടത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞിരുന്നു. ദർശനത്തിനായുള്ള തീർത്ഥാടകരുടെ നിര ശബരിപീഠം വരെയെത്തി. 10 മണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് പലർക്കും ദർശനം ലഭിച്ചത്. ബറ്റാലിയൻ ഡി.ഐ.ജി രാഹുൽ ആർ.നായർ സന്നിധാനത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. മൂന്ന് ഡിവൈ.എസ്.പിമാർ, 12 സി.ഐമാർ ഉൾപ്പെടെ 500 പൊലീസുകാർ കൂടി ഇന്നലെയെത്തി. ഇതോടെ പൊലീസുകാരുടെ എണ്ണം 2,700 ആയി. ദർശനത്തിനും നെയ്യഭിഷേകത്തിനും ശേഷം തീർത്ഥാടകർ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് മടങ്ങാനുള്ള ക്രമീകരണവും ഏർപ്പെടുത്തി.