kmc-hospital
കോടതി ഉത്തരവ് ലംഘച്ച് കല്ലിശ്ശേരി കെ.എം ആശുപത്രി പരിസരത്ത് നിർമ്മാണ പ്രവർത്തികൾ നടത്തുന്നു

ചെങ്ങന്നൂർ: കല്ലിശേരി കെ.എം ചെറിയാൻ ആശുപത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ആശുപത്രിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമീപ വാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആശുപത്രിയിൽ നിന്ന് പുറംതള്ളുന്ന മലിന ജലം സമീപത്തെ പറമ്പുകളിലേക്ക് ഒഴുക്കിവിടുന്നതും മാലിന്യങ്ങൾ കത്തിക്കുന്നതും ശല്യമായി.. ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പൈലിംഗ് ഉൾപ്പടെയുള്ള നിർമ്മാണം പഴക്കം ചെന്ന വീടുകൾ നിലംപൊത്തുന്നതിന് കാരണമാകുമെന്ന് സമീപ വാസികൾ ഭയപ്പെടുന്നു. ഇതെ തുടർന്ന് പരിസര വാസികൾ നൽകിയ ഹർജിയിൽ സമീപവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനും മാലിന്യം ഒഴുക്കുന്നതും കത്തിക്കുന്നതും അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത് നിലനിൽക്കെയാണ് ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി പൈലിംഗ് തുടരുന്നത്. ആശുപത്രി മാലിന്യങ്ങൾ വൻ തോതിൽ കത്തിക്കുന്നുമുണ്ട്. ഇതേ തുടർന്നാണ് വീണ്ടും അഡ്വ. രതിഷ് കുമാർ ടി.കെ മുഖാന്തിരം സമീപ വാസികളായ ഷൈനി തോമസ്, ജോർജ്ജ് പി.സൈമൺ, റെജി പി. സാമുവൽ എന്നിവർ കോടതിയെ സമീപിച്ചത്.
2021 ജനുവരിയിലാണ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രി തുടങ്ങിയതെന്ന് അന്നേ പരാതി ഉയർന്നിരുന്നു. സോക്ക്പിറ്റ് നിർമ്മാണം പൂർത്തിയാക്കാതെയാണ് പ്രവർത്തനം തുടങ്ങിയത്. 6മാസം കഴിഞ്ഞപ്പോഴേക്കും മാലിന്യപ്രശ്‌നം ആരംഭിച്ചു. പ്രതിഷേധത്തെ തുടർന്ന് മാലിന്യം ടാങ്കറിൽ ശേഖരിച്ച് ആലപ്പുഴയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി. എന്നാൽ ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം സമീപത്തെ തുറസായ സ്ഥലത്തേക്കും പമ്പാ നദിയിലേക്കും ഒഴുക്കിയത് നാട്ടുകാർ പിടികൂടി താക്കീത് ചെയ്തിരുന്നു.