തിരുവല്ല : ടി.കെ. റോഡിലെ മഞ്ഞാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ തിരുവനന്തപുരം ഭരതന്നൂർ അംബേദ്കർ കോളനിയിൽ ജി.എസ്. ഭവനിൽ ശ്യാം രാജ് (29), കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ പടിക്കപ്പറമ്പിൽ ജോസഫിന്റെ മകൻ പോൾസൺ (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12ന് തിരുവല്ല കുമ്പഴ സംസ്ഥാന പാതയിലെ മാർത്തോമ്മാ സേവികാസംഘം സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കാന്റീൻ ജീവനക്കാരാണ് മരിച്ചവർ. തിരുവല്ലയിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന കാന്റീനിലെ സഹപ്രവർത്തകരെ കാണാനായി വരുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാകത്താനം കൊച്ചുകാലായിൽ നീതുവാണ് പോൾസന്റെ ഭാര്യ. മകൻ: ആദം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂത്രപ്പള്ളി വേമ്പന്താനം സെയ്ന്റ് ജോൺ ദി ബാപിസ്റ്റ് സി.എസ്.ഐ. പള്ളിയിൽ.