ശബരിമല: ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിയോഗിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴ ഈടാക്കി. പഴകിയ സാധനങ്ങളുടെ വില്പന, അമിതവില ഈടാക്കൽ, അളവിൽ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വിലനിലവാരം പ്രദർശിപ്പിക്കാത്തവർക്ക് താക്കീത് നൽകി. വിരി വയ്ക്കുന്നവരിൽ നിന്ന് അമിതതുക ഈടാക്കിയതിനും പിഴ നൽകി. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്കും പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് എൻ.കെ കൃപ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ. മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധനാ സ്‌ക്വാഡ് പ്രവർത്തിക്കുന്നത്.