ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ നവീകരിച്ച പഴയ വരട്ടാറിൽ (മുളന്തോട്ടിൽ) മാലിന്യവും ചത്ത ജന്തുക്കളെയും തള്ളുന്നതുമൂലം പ്രദേശമാകെ ദുർഗന്ധം പടർന്നു. നാട്ടുകാർ രോഗ ഭീഷണിയിൽ. മുളന്തോട് വരട്ടാറിലേക്കെത്തിച്ചേരുന്ന പഞ്ചായത്തിന്റെ നാലാം വാർഡിൽ വടുതലപ്പടി ഭാഗത്തും പി.ഐ.പി കനാൽ പാലത്തിന്റെ ഭാഗത്തുമാണ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം ചത്ത പട്ടിയെയും പന്നി എലിയെയും തോട്ടിൽ അഴുകി പുഴുവരിച്ച നിലയിൽ കാണപെട്ടു. സമീപത്ത് ദുർഗന്ധം വമിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് ഇത് കണ്ടത്. പിന്നീട് സമീപവാസികൾ ചേർന്ന് മറവ് ചെയ്യുകയായിരുന്നു. ഇവയ്ക്കൊപ്പം ഉപയോഗശൂന്യമായ മരുന്നുകളും അവയുടെ സ്ട്രിപ്പുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അറവുമാലിന്യം, കോഴിയുടെ മാലിന്യങ്ങൾ അടുക്കള മാലിന്യങ്ങൾ എന്നിവ പ്ലാസ്റ്റിക് ചാക്കിലും അല്ലാതെയും തോട്ടിൽ തള്ളിയിട്ടുണ്ട്. രാത്രികാലങ്ങളിലാണ് മിക്ക പ്പോഴും മാലിന്യം തള്ളുന്നത്. ശബ്ദംകേട്ട് ഇറങ്ങിനോക്കുമ്പോഴേക്കും വണ്ടി വിട്ടുപൊയ്ക്കഴിയുമെന്ന് സമീപവാസികൾ പറഞ്ഞു. മാസങ്ങൾക്കു മുൻപും ചത്ത ജന്തുക്കളെ തോട്ടിൽ കൊണ്ടുവന്ന് തള്ളിയിരുന്നു.
രൂക്ഷമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അന്നും പ്രദേശവാസികൾ ചേർന്ന് മറവ് ചെയ്യുകയായിരുന്നു. പിന്നീട് വീണ്ടും ഈ ഭാഗം മാലിന്യത്തിന്റെ ഉറവിടമായി മാറുകയാണ്.
മൂക്കുപൊത്തി നാട്ടുകാർ
മാവേലി സ്റ്റോർ, മത്സ്യ വിപണന കേന്ദ്രം ധനകാര്യസ്ഥാപനം എന്നിവയുമിതിനു സമീപമാണ് ് പ്രവർത്തിക്കുന്നത്. മുക്കുപൊത്താതെ ഇവിടേക്കു വരാനോ സാധനങ്ങൾ വാങ്ങാനോ കഴിയില്ല. വിവിധ ആരാധനാലയങ്ങളിലേക്കും ഇതുവഴിയാണ് പോകേണ്ടത്. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ തോട്ടിലെ ഊറ്റു റവയാണ് വന്നു ചേരുന്നത്. ഇത് രോഗ ഭീഷണി ഉയർത്തുന്നുമുണ്ട്. പ്രദേശത്ത് സി.സി ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.