nagarasabha-
പത്തനംതിട്ട നഗരസഭാ ആയൂർവേദ ആശുപത്രി

പത്തനംതിട്ട : നഗരസഭാ ആയൂർവേദ ആശുപത്രിയെ ദേശീയ നിലവാരത്തിലേക്കെത്തിക്കാൻ പരിശോധന പൂർത്തിയാക്കി ദേശീയ ടീം മടങ്ങിയതോടെ പ്രതീക്ഷയിലാണ് ജില്ലയിലെ ആരോഗ്യമേഖല. എൻട്രി തയാറായതായി ദേശീയ തലത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും സ്വപ്ന സാക്ഷാത്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് നഗരസഭയും ആശുപത്രി ജീവനക്കാരും. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപ മുടക്കി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. ദിവസവും നൂറ്റമ്പതിലധികം രോഗികൾ ചികിത്സയ്ക്കായി എത്താറുണ്ട്. ഇപ്പോൾ രണ്ട് ബ്ലോക്കുകളിലായാണ് ആശുപത്രിയുടെ പ്രവർത്തനം. പത്തനംതിട്ടയെ നഗരവൽക്കരണത്തിലേക്ക് ആനയിച്ച ഡോ.കെ.ആർ.ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ പേരാണ് പുതിയ ബ്ലോക്കിന് നൽകിയിരിക്കുന്നത്. കിടത്തിച്ചികിത്സയ്ക്കായി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണിപ്പോൾ. ഭിന്നശേഷി സൗഹൃദ ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി രണ്ട് ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റ് ബ്ലോക്കുകളുടെ നിർമ്മാണവും നടത്തി. പഴയ ബ്ലോക്കിന്റെ മുകൾ നിലയിൽ 18 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന യോഗാഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. വന്ധ്യതാ ചികിത്സാരംഗത്ത് മികവ് തെളിയിച്ച ഡോ.വഹീദ റഹ്മാന്റെ നേതൃത്വത്തിൽ വന്ധ്യതാ ചികിത്സ ക്ലിനിക്കും ആയുർവേദാശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.

മറ്റ് പദ്ധതികൾ

ജീവിത ശൈലി രോഗ നിയന്ത്രണത്തിനായുള്ള ചികിത്സകൾ, യോഗ, കൗമാരക്കാർക്കും വയോജനങ്ങൾക്കുമുള്ള മാനസിക ആരോഗ്യ പരിചരണം, ശിശുക്ഷേമ ആരോഗ്യ സംരക്ഷണം.

ദേശീയ നിലവാരത്തിലേക്കുള്ള അവസാനഘട്ടത്തിലാണിപ്പോൾ പത്തനംതിട്ട നഗരസഭാ ആയുർവേദ ഡിസ്പെൻസറി. ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചില സൂചികകൾ കണക്കിലെടുത്താണ് അംഗീകാരം ലഭിക്കുന്നത്.

ആയൂർവേദ ആരോഗ്യവകുപ്പ് അധികൃതർ