
അടൂർ : പറക്കോട് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വഴിയിടം (ടേക്ക് എ ബ്രേക്ക് ) പദ്ധതി ഉദ്ഘാടനത്തിൽ ഒതുങ്ങി. 2002 ഡിസംബർ 30ന് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ തുറന്നുനൽകിയിട്ടില്ല. അഞ്ച് ലക്ഷം രൂപയാണ് ചെലവിട്ടത്. കച്ചവടത്തിനായി ഒരു മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനുള്ള ശൗചാലങ്ങൾ, യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഇടം എന്നിവയാണ് കെട്ടിടത്തിൽ ഉള്ളത്. മുൻപുണ്ടായിരുന്ന കെട്ടിടം നവീകരിച്ചാണ് വഴിയിടം ഒരുക്കിയത് . കെട്ടിടത്തിന്റെ പിൻവശം കാടുകയറി മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. വിശ്രമകേന്ദ്രം തെരുവുനായ്ക്കളുടെ താവളമായിമാറി. പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ എത്തുന്നവർക്കും ഇൗ വഴിയിടം ഉപയോഗപ്രദമായിരുന്നു. നൂറ് കണക്കിനാളുകളും വ്യാപാരികളുമാണ് ഇവിടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നത്. ഇവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഇപ്പോൾ സൗകര്യമില്ല. വഴിയിടം തുറന്ന് നൽകിയാൽ നഗരസഭയ്ക്ക് വരുമാനവുമാകും. നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും അനുകൂലമായ നടപടി ഇനിയും ഉണ്ടായിട്ടില്ല.
നടത്തിപ്പുകാരൻ നാടുവിട്ടു
വഴിയിടത്തിന്റെ നടത്തിപ്പിനായി അന്യസംസ്ഥാനക്കാരനായ കരാറുകാരൻ ടെൻഡറിലൂടെ അനുമതി നേടിയെടുത്തിരുന്നു. ഇതിനുള്ള പണം നഗരസഭയിൽ അടച്ചെങ്കിലും പിന്നീട് ഇാൾ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.
വഴിയിടം തുറന്നുനൽകാതെ നഗരസഭ അധികൃതർ അനാസ്ഥ കാട്ടുകയാണ്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തും.
സുധാ പത്മകുമാർ,
നഗരസഭാ കൗൺസിലർ