പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും അനുഭാവികളുടെയും പേരിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചതായി ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ഭരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പന്തളം മുൻസിപ്പാലിറ്റിയിലെ മങ്ങാരം, ചേരിക്കൽ വാർഡുകളിൽ താമസിക്കുന്ന എട്ട് യുവാക്കളുടെ പേരിലാണ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത്. പന്തളം സ്വദേശിയും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ അഭി വക്കാസിനെ തെളിവെടുപ്പിനായി തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ നിന്ന് പൊലീസ് വിളിച്ചപ്പോഴാണ് തന്റെ പേരിൽ വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ച വിവരം ഇയാൾ അറിയുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റേയും കോൺഗ്രസ് ഉന്നത നേതാക്കളുടെയും അറിവോടെയാണ് വ്യാജ ഐ.ഡി കാർഡുകൾ നിർമ്മിച്ചതെന്ന് ഡി.വൈ.എഫ്. ഐ ആരോപിച്ചു . ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്. ശ്രീഹരി, എൻ.സി അഭിഷേക്, വക്കാസ് അമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.