
റാന്നി : പമ്പാനദിയിൽ നിന്ന് മണൽ വാരുന്നതിന് അനുമതി കാത്തിരിക്കുകയാണ് പെരുന്തേനരുവിയും കുരുമ്പൻമൂഴി നിവാസികളും. പ്രളയത്തിൽ ടൺ കണക്കിന് മണ്ണ് ഡാമിനുള്ളിൽ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇതുമൂലം ഡാമിൽ അനുവദനീയമായ അളവിൽ വെള്ളം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഡാമിൽ മണ്ണ് നിറഞ്ഞതിനാൽ ചെറുമഴയിൽ പോലും കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിലാകും. കുരുമ്പൻമൂഴി നിവാസികളാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. എല്ലാവർഷവും വെള്ളപ്പൊക്കത്തിൽ ഡാമിന്റെ പ്രവർത്തനം നിലയ്ക്കാറുണ്ട്. പിന്നീട് മാസങ്ങളെടുത്തു മണ്ണ് നീക്കം ചെയ്തതിനു ശേഷമാണ് വൈദ്യുതി ഉൽപ്പാദനം നടത്താൻ കഴിയുന്നത്. ഇതിന് കെ.എസ്.ഇ.ബി വലിയ തുകയാണ് ചെലവാക്കുന്നത്. എന്നാൽ മണൽ വാരുന്നതിന് അനുമതി ലഭിച്ചാൽ പ്രശ്ന പരിഹാരത്തിനാെപ്പം പഞ്ചായത്തിന് സാമ്പത്തിക നേട്ടവുമാകും.
തടയണയുടെ 500 മീറ്റർ താഴെയാണ് പെരുന്തേനരുവി ജലവിതരണ പദ്ധതിയുടെ പമ്പുഹൗസും കിണറുമുള്ളത്. നദിയിലൂടെ ഒലിച്ചിറങ്ങുന്ന ചെളിയും മണ്ണും പമ്പ് ഹൗസിലെ കിണറുകളിൽ എത്തുന്നത് പമ്പിംഗ് തടസപ്പെടാൻ കാരണമാകും. കോടികൾ വിലമതിക്കുന്ന മണ്ണ് ഡാമിൽ അടിഞ്ഞു കൂടിയിട്ടുണ്ട്.
ജോഷി, അത്തിക്കയം